വണ്ടൂർ: പോരൂർ ചെറുകോട് ഇരുപത്തിയെട്ടിലെ സൂര്യകാന്തിത്തോട്ടം സന്ദർശിച്ച് എ.പി. അനിൽകുമാർ എംഎൽഎ. രണ്ടേക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സൂര്യകാന്തി തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തി പൂക്കൾ കാണാനായി ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണെത്തുന്നത്.
ചെറുകോട് സ്വദേശിയായ പൊറ്റയിൽ സീമാമുവിന്റെ അഞ്ചാമത്തെ തോട്ടമാണിത്. സുഹൃത്തുക്കളായ സി.പി. ഉമ്മർ, ചെറിയാപ്പ ഏലംകുളം എന്നിവരും കൃഷിയിൽ സീമാമുവിനോടൊപ്പമുണ്ട്. മറ്റ് കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാലാണ് സീമാമു സൂര്യ കാന്തി പ്രദർശനത്തിലേക്ക് തിരിഞ്ഞത്. സൂര്യകാന്തി തോട്ടത്തിൽ എത്തിയ എംഎൽഎ സീമാമുവിന് എല്ലാവിധ പിന്തുണയും അറിയിച്ചു. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനും പദ്ധതിയുണ്ട്.