‘ക്രിയ’ സിവില്‍ സര്‍വീസ് ടാലന്റ് പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു
1423760
Monday, May 20, 2024 5:33 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ ’ക്രിയ’ സിവില്‍ സര്‍വീസ് അക്കാഡമി സംഘടിപ്പിച്ച സിവില്‍ സര്‍വീസ് ടാലന്റ് പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിലമ്പൂര്‍ സ്വദേശിനി ആര്യനന്ദ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി എസ്.എൽ. സൂര്യകിരണ്‍, യുജി വിഭാഗത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ക്രിസ്റ്റി ജില്‍സ് എന്നിവര്‍ ഒന്നാം റാങ്ക് നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി പി. മുഹമ്മദ്് അനസ് രണ്ടാം റാങ്കും പെരിന്തല്‍മണ്ണ സ്വദേശി അഭിനവ് ആര്. ജെയ് മൂന്നാം സ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരൂരങ്ങാടി സ്വദേശി ശ്രീനന്ദ് സുധീഷ് രണ്ടാം റാങ്കും പൊന്നാനി സ്വദേശിനി ഫഹ്മിദ ഫാറൂഖ് മൂന്നാം റാങ്കും യുജി വിഭാഗത്തില്‍ കോട്ടക്കല്‍ സ്വദേശി ജസീം രണ്ടാം സ്ഥാനവും പെരിന്തല്‍മണ്ണ സ്വദേശി വി.ജി. വൈഷ്ണവ് മൂന്നാം സ്ഥാനവും നേടി.
കേരളത്തിലെ വിവിധ ജില്ലകളിലായി 60 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ ആറായിരത്തോളം വിദ്യാര്‍ഥികള്‍ എഴുതിയിരുന്നു. ജൂണിയര്‍ ഐഎഎസ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ്, ഫൗണ്ടേഷന് പ്ലസ് കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ ക്രിയ സിവില്‍ സര്‍വീസ് അക്കാഡമി ടാലന്റ് പരീക്ഷ നടത്തിയത്.
ഒന്നാം റാങ്ക് ജേതാക്കള്‍ക്ക് ഐ ഫോണും രണ്ടാം റാങ്ക് ജേതാക്കള്‍ക്ക് ഐപാഡും മൂന്നാം റാങ്ക് ജേതാക്കള്‍ക്ക് ഐ വാച്ചും സമ്മാനമായി നല്‍കും. മൂന്നു വിഭാഗങ്ങളിലുമായി മുന്നൂറ് വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം സ്കോളര്‍ഷിപ്പോടെ പുതിയ കോഴ്സുകളില്‍ പ്രവേശനം നല്‍കും.
അടുത്ത മാസം 30ന് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് അക്കാഡമി ചെയര്മാന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.