സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
1423430
Sunday, May 19, 2024 5:33 AM IST
നിലമ്പൂര്‍: വനം വകുപ്പ് കാട്ടാന പ്രതിരോധത്തിന് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു. മമ്പാട് ടാണ താളിപൊയില്‍ സ്വദേശി പൊന്നാംകടവന് സിദീഖി (38) നാണ് ഷോക്കേറ്റത്.
ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30തോടെ സുഹൃത്ത് സിദീഖലിയോടൊപ്പം ചാലിയാര്‍ പുഴയുടെ ടാണ കടവില്‍ കുളിക്കാന്‍ പോകുമ്പോഴാണ് സോളാര്‍ വൈദ്യുതി തൂക്കുവേലിയില് സിദീഖിന്റെ തല സ്പര്‍ശിച്ചത്. വൈകുന്നേരം ആറിനാണ് വനംവകുപ്പ് വൈദ്യുതി വേലി ചാര്‍ജ് ചെയ്യുന്നത്. പിറ്റേന്ന് രാവിലെ ആറിന് ഓഫാക്കും.
എന്നാല്‍ രാവിലെ 8.30 ആയിട്ടും വനംവകുപ്പ് വൈദ്യുതി വിഛേദിക്കാത്തതാണ് അപകടകാരണമെന്നു ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സിദീഖലി പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് കുളിക്കാന്‍ ദിവസേന എത്തുന്ന കടവാണിത്.
കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തുമ്പോള്‍ ഷോക്കേല്ക്കുന്നതിനാണ് വനംവകുപ്പ് ഇവിടെ സോളാര്‍ തൂക്കുവേലി സ്ഥാപിച്ചിട്ടുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് യുവാവിന് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നാണ് ആക്ഷേപം.