നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട്; യാത്രാദുരിതം രൂക്ഷം
1423283
Saturday, May 18, 2024 5:49 AM IST
നിലമ്പൂര്‍: വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കുഴികള്‍ നിറഞ്ഞതോടെ യാത്രക്കാരും ബസ് തൊഴിലാളികളും ദുരിതത്തിലായി. കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത സൗകര്യമൊരുക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് നിലമ്പൂര്‍ നഗരസഭ.
ബസ് സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറ്റുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും പ്രയാസം നേരിടുകയാണ്. വേനല്‍മഴ പെയ്തപ്പോള്‍ തന്നെ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു. തണ്ണീര്‍തടം നികത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലമ്പൂര്‍ നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്.
നിര്‍മാണ തകരാറുമൂലം മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണം. മഴക്കാലം തുടങ്ങാനിരിക്കെ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴാണ്
ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിദിനം എത്തുന്ന ബസ് സ്റ്റാന്‍ഡ് ചളിക്കുളമായി കിടക്കുന്നത്.
സ്റ്റാന്‍ഡ് ഫീ ഇനത്തില്‍ ബസ് ഉടമകളില്‍ നിന്നു പണം വാങ്ങുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ ഒരു നടപടിയുമില്ല. പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തതിനാല്‍ നിലവില്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരും ദുരിതത്തിലാണ്. പുതിയ ബസ് സ്റ്റാന്‍ഡില്‍ അല്പം ആശ്വാസം യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പരിമിതമായ ഇരിപ്പിടങ്ങള്‍ ഉണ്ടെന്നു മാത്രമാണ്.
ചളി നിറഞ്ഞു നില്ക്കുന്ന ഗര്‍ത്തങ്ങളില്‍ വീഴാതെ വേണം സ്റ്റാന്‍ഡിലേക്ക് എത്താന്‍. ഈ മഴക്കാലവും നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതകാലം തന്നെയാകും.