നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പുരോഗമിക്കുന്നു
1417619
Saturday, April 20, 2024 5:39 AM IST
എടക്കര: നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ചുങ്കത്തറ മാര്‍ത്തോമ കോളജിലും മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി പുരോഗമിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലെ ഏറനാട് മണ്ഡലത്തിന്റെ പരിശോധന മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂളിലാണ് നടന്നുവരുന്നത്.
നിലമ്പൂര്‍ മണ്ഡലത്തിന്റെ അസിസ്റ്റന്റ് വരണാധികാരി നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക്, വണ്ടൂര്‍ മണ്ഡലത്തിന്റെ അസിസ്റ്റന്റ് വരണാധികാരി നിലമ്പൂര്‍ വനം സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ എസ്.എസ്. ശ്രീകുമാര്‍, ഭൂരേഖാ തഹസില്‍ദാര്‍ എ. ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.സി. അരവിന്ദാക്ഷന്, പി.ആര്. ബാബുരാജന്,
കെ.പി. പ്രമോദ്, കെ. അയ്യപ്പന്, റവന്യു ജീവനക്കാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്.
പരിശോധന ഇന്നു വൈകുന്നേരം തീരും. പരിശോധന പൂര്‍ത്തിയാക്കുന്ന യന്ത്രങ്ങള്‍ സ്ട്രോംഗ് മുറിയിലേക്ക് മാറ്റും. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 202 ബൂത്തുകളും വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 206 ബൂത്തുകളുമാണുള്ളത്. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയുടെ ഭാഗമായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഒമ്പത് സ്ഥാനാര്‍ഥികള്‍ക്കും ഓരോ വോട്ടുകള്‍ ചെയ്തു നോക്കും.
തകരാറൊന്നുമില്ലെങ്കില്‍ യന്ത്രങ്ങള്‍ സീല്‍ ചെയ്ത് സ്ട്രോംഗ് മുറിയിലേക്ക് മാറ്റാം. അഞ്ചു ശതമാനം യന്ത്രങ്ങളില്‍ 1000 വോട്ടുകള്‍ വരെ ചെയ്യും. തുടര്‍ന്ന് വ്യത്യാസമുണ്ടെങ്കില്‍ അത്തരം യന്ത്രങ്ങള്‍ മാറ്റിവയ്ക്കും. കൂടാതെ ഓരോ നിയോജക മണ്ഡലത്തിനും 20 ശതമാനം യന്ത്രങ്ങള്‍ അധികമായി തയാറാക്കി വയ്ക്കും.