ജലജന്യ രോഗങ്ങള്‍: പൊതുജനാരോഗ്യ വിഭാഗം കടകളില്‍ പരിശോധന നടത്തി
1417401
Friday, April 19, 2024 5:59 AM IST
മഞ്ചേരി: ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മഞ്ചേരി നഗരസഭ പൊതുജനാരോഗ്യ വിഭാഗം നഗരത്തിലെ ഭക്ഷണശാലകളിലും ശീതള പാനീയ വില്പന ശാലകളിലും പരിശോധന നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു.
ജലജന്യ രോഗങ്ങള്‍ തടയുന്നതിനായുള്ള മുന്കരുതലുകള്സ്വീകരിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. കുടിക്കുന്നതിനും ശീതള പാനീയങ്ങള്‍ തയാറാക്കുന്നതിനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ജ്യൂസുകളിലും ശീതള പാനീയങ്ങളിലും ഭക്ഷ്യയോഗ്യമായ ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്കി.
തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ പിഴ ചുമത്തുന്നതടക്കമുള്ള മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലിം, പബ്ലിക് ഇന്‍സ്പെക്ടര്‍മാരായ ദീപേഷ് തലക്കാട്ട്, റില്‍ജു മോഹന്‍, നസറുദ്ദീന്‍, സാനിറ്റേഷന്‍ വര്‍ക്കര്‍ ജയേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.