ആവേശം അലയടിച്ച് രാഹുലിന്റെ റോഡ് ഷോ
1416919
Wednesday, April 17, 2024 5:29 AM IST
മലപ്പുറം: റോഡ് ഷോയിലൂടെ ആവേശം വിതറി വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മടങ്ങിയ രാഹുല്‍ ഇന്നലെ ആദ്യമായാണ് ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെത്തിയത്.
ജില്ലയിലെ റോഡ് ഷോയുടെ തുടക്കം കീഴുപറമ്പ് ടൗണിലായിരുന്നു. ഊര്‍ങ്ങാട്ടിരി പത്തനാപുരം പള്ളിപ്പടിയില്‍ നിന്നു തെരട്ടമ്മല്‍ ഗ്രൗണ്ട് വരെയും റോഡ് ഷോ നടത്തി. കത്തിയാളുന്ന ഉച്ചവെയിലിലും ആയിരങ്ങളാണ് രാഹുലിനെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലുമായി നിറഞ്ഞത്.
തുറന്ന വാഹനത്തില്‍ കടുത്ത വെയിലിനെ പോലും വകവയ്ക്കാതെയാണ് പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്തും കൈ വീശി അഭിവാദ്യം ചെയ്തും രാഹുല്‍ ആവേശമായത്. ഉച്ചക്ക്ശേഷം മമ്പാടും നിലമ്പൂരിലും മൂത്തേടത്തും റോഡ് ഷോ ഉണ്ടായി.
സമാപനമായി കരുവാരകുണ്ടിനെ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ തീര്‍ത്തും ഇളക്കിമറിച്ചു. കണ്ണത്ത് മുതല്‍ മരുതിങ്ങല്‍ വരെയാണ് റോഡ് ഷോ നടന്നത്. തുടര്‍ന്ന് മരുതിങ്ങലില്‍ അദ്ദേഹം വോട്ടഭ്യര്‍ഥന നടത്തി. വൈകിട്ട് 5.10 ന് റോഡ് മാര്‍ഗം കണ്ണത്ത് എത്തിയ അദ്ദേഹത്തിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്കി.
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ഗാന്ധി പത്തു വര്‍ഷം പ്രധാനമന്ത്രിയായിട്ടും ഇന്ത്യയെ, ഇന്ത്യയായി കാണാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തി. എ.പി.അനില്‍കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
റോഡ് ഷോ സമാപിച്ച ശേഷം അദ്ദേഹം ഉത്തരേന്ത്യയിലെ പര്യടനത്തിനായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. കരുവാരകുണ്ട് നജാത്ത് സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ മുഖേനയാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.