നിലമ്പൂരില്‍ കെഎന്‍ജി റോഡില്‍ പകല്‍ കാട്ടാന ഇറങ്ങി
1416686
Tuesday, April 16, 2024 6:24 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ പട്ടാപകല്‍ കാട്ടാനയിറങ്ങി. വിഷുദിനത്തിലാണ് വിഷുകൈനീട്ടവുമായി രാവിലെ 6.30 തോടെ കനോലി പ്ളോട്ടിന് സമീപം കെഎന്‍ജി റോഡില്‍ ഒറ്റയാന് ഇറങ്ങിയത്.
രാവിലെ വടപുറം ഭാഗത്ത് നിന്ന് നിലമ്പൂരിലേക്കും നിലമ്പൂരില്‍ നിന്ന് പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗത്തേക്കും പോകുന്ന യാത്രക്കാരാണ് ഒറ്റയാന്റെ മുന്നില്‍പ്പെട്ടത്.
ഒറ്റയാന് കെഎന്‍ജി റോഡില്‍ ഇറങ്ങിയത് അറിഞ്ഞതോടെ വനം ആര്‍ആര്‍ടി വിഭാഗം സ്ഥലത്ത് എത്തി കാട്ടാനയെ 15 മിനിറ്റുകൊണ്ട് സമീപത്തെ കനോലി വനമേഖലയിലേക്ക് കയറ്റി വിട്ടു. വനം ആര്‍ആര്‍ടി ഓഫീസിന് സമീപമുള്ള റോഡിലാണ് കാട്ടാന എത്തിയത്. കുറച്ച് നാളുകളായി നിലമ്പൂര്‍ മേഖല കാട്ടാന ഭീതിയിലാണ്.
ചാലിയാര്‍ പുഴയുടെ മൈലാടി പാലം മുതല്‍ വടപുറം ഭാഗം വരെയുള്ള ചാലിയാറിന്റെ തീരത്ത് ഒറ്റയാനും മോഴയുമായി 12 ഓളം ആനകള്‍ തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ എം.എസ്.പി. ക്യാമ്പിന്റെ ചുറ്റുമതിലും കാട്ടാനകള്‍ തകര്‍ത്തിരുന്നു.