നിലമ്പൂരില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു; വിശ്രമമില്ലാതെ അഗ്നിരക്ഷാ സേന
1415535
Wednesday, April 10, 2024 5:12 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു. വിശ്രമമില്ലാതെ അഗ്നിരക്ഷാ സേന. വനത്തിനുള്ളിലും കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം തീപിടിത്തമുണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിലമ്പൂര്‍ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാര്‍ തീയണക്കാന്‍ വെള്ളമുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ചീറിപ്പാഞ്ഞെത്തും.
തിങ്കളാഴ്ച നിലമ്പൂര്‍ പനയംകോട് വനമേഖലയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഏക്കറോളം വനമേഖലയാണ് കത്തിയമര്‍ന്നത്. ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന വനമേഖലയിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും തീ പടരാതിരുന്നത് അഗ്നിരക്ഷാ സേനാംഗങ്ങളുടെ കഠിനശ്രമം കൊണ്ടായിരുന്നു.
ഞായറാഴ്ച രാത്രി 9.30 തോടെ നിലമ്പൂര്‍ അരുവാക്കോട് സ്വദേശി വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി വീട്ടുമുറ്റത്തെ 40 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണിരുന്നു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സാഹസികമായി ഒരു മണിക്കൂറോളം നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കരിമ്പുഴയില്‍ ചകിരി കൂമ്പാരത്തിന് തീപിടിച്ചപ്പോഴും വണ്ടൂരില്‍ ഫര്‍ണിച്ചര്‍ ഷെഡിനു തീപിടിച്ചപ്പോഴും രക്ഷകരായത് നിലമ്പൂരിലെ അഗ്നിരക്ഷാ സേനയാണ്. സ്വകാര്യസ്ഥലങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തങ്ങള്‍ വ്യാപകമായിരിക്കുന്നത് അഗ്നിരക്ഷാ സേനക്ക് വെല്ലുവിളിയാണ്.