വന്യജീവി ആക്രമണത്തിനെതിരേ ശാശ്വത പരിഹാരം വേണം: നിലമ്പൂര്‍ ഫൊറോന കൗണ്‍സില്‍
1395911
Tuesday, February 27, 2024 6:56 AM IST
നിലമ്പൂര്‍: വയനാട്ടിലെയും മറ്റു മലയോര മേഖലയിലെയും വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നു നിലമ്പൂര്‍ ഫൊറോന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇവിടങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. ഒരു ജനതയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ വനൃജിവി ആക്രമണങ്ങള്‍ വയനാട്ടിലും മറ്റു മലയോര മേഖലകളിലും നടക്കുമ്പോള്‍ ഭരണകൂടം നിഷ്ക്രിയമായി നോക്കിനില്‍ക്കുകയാണ്.
ഭരണകൂടത്തിന്റെ ഇത്തരം നിലപാടിനെതിരേ ഫൊറോന കൗണ്‍സില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വന്യമൃഗങ്ങളെ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ നിലനിര്‍ത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അവയുടെ ആവാസ വ്യവസ്ഥ വനത്തിനുള്ളില്‍ സൃഷ്ടിക്കണം.
നിസഹായരായ ജനതയുടെ നേരേയുള്ള കൊലവിളിക്ക് പരിഹാരം കാണണമെന്നും ഫൊറോന കൗണ്‍സില്‍ ആവശ്യപ്പെട്ടു. വന്യജീവി വിഷയത്തില്‍ പരസ്പരം പഴിചാരുന്ന കേന്ദ-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ സമീപനം തിരുത്തി പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടി വേണമെന്നും കേന്ദ-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഫൊറോന കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും നേരേ ഉണ്ടായ ആക്രമണത്തെ അപലപിച്ചു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനും ആരാധാനാവകാശങ്ങളുടെയും നേര്‍ക്കു നടക്കുന്ന ഇത്തരം കടന്നാക്രമണത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഫൊറോന വികാരി ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍ അധ്യക്ഷനായിരുന്നു. ഫാ. ബിജു ജോസഫ് നിലംതറ, ഫാ. അനീഷ് പുരയ്ക്കല്‍, ബിനോയ് പള്ളിയാറടയില്, ഷാജി കുറ്റിപ്ലാക്കല്‍, നിഷ ഓമലകത്ത്, ജയ്സി ബിജു അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോയ് ചാച്ചിറ സ്വാഗതം പറഞ്ഞു.