നൂതന അറിവുകള്‍ പകര്‍ന്നു ലിറ്റില്‍ കൈറ്റ്സ് ക്യാമ്പിന് സമാപനം
1395641
Monday, February 26, 2024 1:20 AM IST
തുവൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള പ്രോഗ്രാമിംഗ്, 3ഡി അനിമേഷന്‍ വീഡിയോ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ നൂതന അറിവുകള്‍ പകര്‍ന്ന് തുവൂര്‍ ജിഎച്ച്എസ് സ്കൂളില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഉപജില്ലാക്യാമ്പില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്. വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്താനുതകുന്നതായിരുന്നു രണ്ടുദിവസത്തെ പരിശീലനം. ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയറില് ത്രിമാനരൂപങ്ങള്‍ തയാറാക്കി അവയ്ക്ക് അനിമേഷന്‍ നല്‍കുക, 3ഡി കാരക്ടര്‍ മോഡലിംഗ്, കാരക്ടര്‍ റിഗിംഗ് തുടങ്ങിയ 3ഡി ഒബ്ജക്ടുകളുടെ നിര്‍മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകള്‍ അയക്കുന്നതിനായി എംഐടി ആപ്പ് ഇന്‍വെന്റര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ലഘു മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ നിര്‍മാണമാണ് ഐഒടി സെഷനില്‍ കുട്ടികള്‍ പരിശീലിച്ചത്. ഇതിനായി ആര്‍ഡിനോ കിറ്റിലെ ഉപകരണങ്ങള്‍, ആര്‍ഡിനോ ബ്ലോക്ക്ലി, പൈത്തണ്‍ പ്രോഗ്രാമിംഗ് തുടങ്ങിയ കോഡുകളും പരിചയപ്പെട്ടു.
കലാപരിപാടികള്‍ ഉള്‍പ്പെട്ട രണ്ടുദിവസത്തെ സഹവാസക്യാമ്പ് അത്യാധുനിക ടെക്നോളജി സങ്കേതങ്ങളില്‍ അറിവ് നേടാനും പ്രയോഗികതലത്തില്‍ പരിശീലിക്കാനും കുട്ടികള്‍ക്ക് അവസരം നല്കി. സമാപനത്തോടനുബന്ധിച്ച് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്ക് സൈബര്‍ ബോധവത്ക്കരണ ക്ലാസും നടത്തി. ജില്ലാ ക്യാമ്പുകളില്‍ നിന്നു തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് മേയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുള്‍ റഷീദ് ക്യാമ്പിന് നേതൃത്വം നല്കി. അനിമേഷന്‍ വിഭാഗത്തില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ഗോകുല്‍നാഥ്, ലാല്‍, ഇര്‍ഷാദ്, ബിന്ദു, യാസര്‍, ശിഹാബുദീന് എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തില്‍ ഷാജി, മുഹമ്മദ് ബഷീര്‍, രാധിക, ജാഫറലി, കുട്ടിഹസന് എന്നിവരും പരിശീലകരായി.