യൂത്ത് ലീഗ് മാർച്ചിന് നിലന്പൂരിൽ സ്വീകരണം
1375565
Sunday, December 3, 2023 7:11 AM IST
നിലന്പൂർ: വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ വഴിക്കടവിൽ നിന്നാരംഭിച്ച് 20 ന് പൊന്നാനിയിൽ സമാപിക്കുന്ന യൂത്ത് ലീഗ് മാർച്ചിന് നിലന്പൂരിൽ ഉജ്വല സ്വീകരണം നൽകി. വെള്ളിയാഴ്ച വഴിക്കടവിൽ നിന്ന് തുടങ്ങിയ മാർച്ച് എടക്കരയിൽ സമാപിച്ചിരുന്നു. തുടർന്ന് ഇന്നലെ എടക്കരയിൽ നിന്നു തുടങ്ങി നിലന്പൂരിൽ സമാപിച്ചു. എടക്കരയിൽ മുൻ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി രാവിലെ എട്ടിനു മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കിണറ്റിങ്ങൽ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ശരീഫ് കുറ്റൂർ ക്യാപ്റ്റനും മുസ്തഫ അബ്ദുൾ ലത്തീഫ് വൈസ് ക്യാപ്റ്റനുമായാണ് മാർച്ച് നയിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം മുസ്ലിം ലീഗിന്റെ പോഷക സംഘനകളായ എസ്ടിയു, പ്രവാസി ലീഗ്, സിഇഒ, വനിതാ ലീഗ് പ്രവർത്തകരും കൂടാതെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവർത്തകരും അഭിവാദ്യമർപ്പിച്ചു. മൂത്തേടം അങ്ങാടിയിലാണ് യൂത്ത് മാർച്ചിന് ആദ്യസ്വീകരണം.
പിന്നീട് കരുളായിയിലും മാർച്ചിന് വൻ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് നാലുമണിയോടെ ആരംഭിച്ച മാർച്ച് സമാപന സമ്മേളന നഗരിയായ നിലന്പൂർ ചെട്ടിയങ്ങാടിയിലേക്ക് നീങ്ങി. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സെക്രട്ടറിമാരായ അൻവർ മുള്ളന്‍പാറ, കെ.ടി. അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് എന്നിവർ പ്രസംഗിച്ചു. മാർച്ച് ഡയറക്ടർ ബാവ വിസപ്പടി, മാനേജർ ഗുലാം ഹസൻ ആലംഗീർ, എൻ.കെ. അഫ്സൽ റഹ്മാൻ, കുരിക്കൾ മുനീർ, ഐ.പി. ജലീൽ, സലാം ആതവനാട്, കെ.എം അലി, ടി.പി ഹാരിസ്, സി. അസീസ്, ശരീഫ് വടക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന സമ്മേളനം നിലന്പൂരിൽ മുസ്ലിംലീഗ് ദേശീയ ഖജാൻജി പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജംഷിദ് മൂത്തേടം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പുഹാജി, യുത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. അഷ്റഫലി, കെ.ടി. കുഞ്ഞാൻ തുടങ്ങിയവർ പ്രസംഗിച്ചു.