സ്കില്‍ പാര്‍ക്ക് ലോഞ്ചിംഗും ലോഗോ പ്രകാശനവും
1375560
Sunday, December 3, 2023 7:11 AM IST
മഞ്ചേരി: പഠനത്തോടൊപ്പം കലാകായിക തൊഴില്‍ മേഖലകളില്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി പുല്ലൂര്‍ ജിയുപി സ്കൂളില്‍ ആരംഭിച്ച സ്കില്‍ പാര്‍ക്ക് ലോഞ്ചിംഗും ലോഗോ പ്രകാശനവും അഡ്വ.യു.എ. ലത്തീഫ് എംഎല്‍എ നിര്‍വഹിച്ചു.
അവധിദിനങ്ങളായ ശനിയാഴ്ചകളില്‍ നാല് മുതല്‍ ഏഴു വരെ ക്ലാസിലെ 707 കുട്ടികളാണ് സ്കില്‍ പാര്‍ക്കിലുള്ളത്. കരാട്ടെ-119, ഫുട്ബോള്‍- 135 , തയ്യല്‍-67, ചിത്രരചന-65, എംബ്രോയിഡറി-15, സംഗീതം-35, ബാന്റ്-21, സോപ്പ് -സോപ്പുത്പന്നങ്ങളുടെ നിര്‍മാണം-60, കുട-45, എല്‍ഇഡി ബള്‍ബ് നിര്‍മാണം -60, ഭക്ഷ്യസംസ്കരണം- 45, നീന്തല്‍-45 കുട്ടികളാണ് സ്കില്‍ പാര്‍ക്കില്‍ വിദഗ്ധ പരിശീലനം നേടുന്നത്. എസ്എംസി ചെയര്മാന് എ.കെ.ഹംസ അധ്യക്ഷത വഹിച്ചു. സ്കില്‍ പാര്‍ക്കില്‍ നിര്‍മച്ച ഉത്പന്നങ്ങളായ എല്‍ഇഡി ബള്‍ബുകള്‍, അച്ചാറുകള്‍, കുടകള്‍, വാഷിംഗ് പൗഡര്‍, ഫ്ളോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ വിപണന ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യാഷിക് മേച്ചേരി നിര്‍വഹിച്ചു.
നീന്തല്‍ പരിശീലനം പൂര്‍ത്തീകരിച്ച 45 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എഇഒ എസ്. സുനിത വിതരണം ചെയ്തു. ബാന്റ്, നീന്തല്‍ പരിശീലകര്‍ക്കുള്ള ട്രോഫികള്‍ നഗരസഭാ കൗണ്‍സിലര്‍ ഹുസൈന് മേച്ചേരി വിതരണം ചെയ്തു. പ്രധാനാധ്യാപകന് കെ.കെ. പുരുഷോത്തമന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ് യൂസഫ് നന്ദിയും പറഞ്ഞു.