സിബിഎസ്ഇ ക്രിക്കറ്റ്: സ്ട്രൈത്ത്പാത്ത് സ്കൂള്‍ ജേതാക്കള്‍
1375557
Sunday, December 3, 2023 7:11 AM IST
കരുവാരകുണ്ട്: മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാണക്കാട് സ്ട്രൈത്ത്പാത്ത് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജേതാക്കളായി. കരുവാരകുണ്ട് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ടൂര്‍ണമെന്റിലെ ഫൈനലില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂളിനെ പരാജയപ്പെടുത്തിയാണ് സ്ട്രൈത്ത്പാത്ത് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പീവീസ് സ്കൂള്‍ ആറോവറില്‍ ഉയര്‍ത്തിയ 27 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സ്ട്രൈത്ത്പാത്ത് നേടിയെടുത്തത്.
13 പന്തില്‍ 26 റണ്‍സ് നേടിയ മുഖ്താറാണ് ഫൈനലില്‍ സ്ട്രൈത്ത്പാത്തിന് മൂന്നാം ഓവറില്‍ തന്നെ വിജയം സമ്മാനിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ മരവട്ടം ഗ്രേസ് വാലി സ്കൂളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി കരുവാരകുണ്ട് നജാത്ത് സ്കൂള്‍ വിജയികളായി. ടൂര്‍ണമെന്റിലെ മികച്ച താരമായി സ്ട്രൈത്ത്പാത്തിലെ പി.മുഹമ്മദിനെ തെരഞ്ഞെടുത്തു. മുഹമ്മദ് തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ബാറ്റര്‍ക്കുള്ള അവാര്‍ഡ് പീവീസ് മോഡലിലെ അദ്നാന് മുസാഫിര്‍ നേടി. സഹോദയ കോഓര്‍ഡിനേറ്റര്‍ ജി. സുരേന്ദ്രന്, സെക്രട്ട്രറി സുഹൈബ് ആലിങ്ങല്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.