17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍
1375148
Saturday, December 2, 2023 1:38 AM IST
മഞ്ചേരി:പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവറെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു.
കോടങ്ങാട് ചിറയില്‍ കുറ്റിയോളത്തില്‍ കുന്നുമ്മല്‍ സമീറി (40)നെയാണ് റിമാന്‍ഡ് ചെയ്തത്. വീട്ടിലെ ശോചനീയാവസ്ഥ മുതലെടുത്ത് അതിജീവിതയെയും സഹോദരങ്ങള്‍ക്കും സഹായം വാഗ്ദാനം നല്കിയെത്തിയതായിരുന്നു പ്രതി.
അതിജീവിതയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച് വശീകരിച്ച പ്രതി തന്റെ ഓട്ടോറിക്ഷയില്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2023 ആഗസ്റ്റ് മാസം മുതല്‍ ഒക്ടോബര്‍ 24 വരെ പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. അധ്യാപിക നടത്തിയ കൗണ്‍സിലില്‍ കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.
മലപ്പുറം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നു നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജഡ്ജ് എ.വി. ടെല്ലസ് ആണ് പ്രതിയെ ഡിസംബര്‍ 14 വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചത്.