വയോജന സൗഹൃദ പുരസ്കാര നിറവിൽ നിലന്പൂർ നഗരസഭ
1339876
Monday, October 2, 2023 1:07 AM IST
നിലന്പൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ നഗരസഭ പുരസ്കാരം നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര വയോജനദിനം സംസ്ഥാനതല ആഘോഷ ചടങ്ങിലാണ് അവാർഡ് നൽകിയത്.
വയോജനങ്ങളുടെ സമഗ്ര ക്ഷേമത്തിനായി കഴിഞ്ഞ വർഷം വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയത് സർക്കാരിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേരളത്തിലെ മികച്ച വയോജന സൗഹൃദ നഗരസഭ എന്ന പുരസ്കാരം നിലന്പൂർ നഗരസഭക്ക് ലഭിച്ചത്.
മികച്ച കൂട്ടായ്മയും പരിചരണവും ലഭ്യമാകുന്ന രീതിയിലുള്ള "പകൽ വീട്’ പോലുള്ള പദ്ധതികളാണ് നിലന്പൂർ നഗരസഭ നടപ്പാക്കി വരുന്നത്. ആരോഗ്യ രംഗത്ത് "വയോമിത്രം’ പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നുണ്ട്.
ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻമാരായ യു.കെ. ബിന്ദു, പി.എം. ബഷീർ, റഹീം കക്കാടൻ, സൈജി മോൾ, കൗണ്‍സിലർമാരായ അഷ്റഫ് മങ്ങാട്ട്, ബിന്ദു മോഹൻ, സ്വപ്ന, സനില, സുബൈദ, ഹയറുന്നീസ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അരുണ്‍കുമാർ, നഗരസഭ സെക്രട്ടറി ജി. ബിനുജി എന്നിവരും പങ്കെടുത്തു.