അങ്ങാടിപ്പുറത്തു ആൽമരക്കൊന്പ് പൊട്ടിവീണു ഗതാഗത തടസം
1339722
Sunday, October 1, 2023 7:49 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്ര മുറ്റത്തെ കൂറ്റൻ ആൽമരം റോഡിലേക്ക് പൊട്ടി വീണു അപകടം. ശക്തമായ മഴയിലും കാറ്റിലും ആൽമരത്തിന്റെ കൂറ്റൻ ശിഖരം പൊട്ടി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. റോഡിൽ വാഹനങ്ങളില്ലാത്ത സമയത്തായിരുന്നു ആൽമരക്കൊന്പ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ ഒരു വിദ്യാർഥിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടർന്നു ഏറെനേരം കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു. രോഗികളുമായി ആംബുലൻസുകളും വഴിയിൽ കുടുങ്ങി. തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പൊട്ടിവീണ വൈദ്യുത കന്പികൾ റോഡിൽ നിന്നു മാറ്റി. ഫയർഫോഴ്സും ട്രോമാകെയർ വോളണ്ടിയർമാരും സ്ഥലത്തെത്തി മരക്കൊന്പുകൾ മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.