മഞ്ചേരി മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാരുടെ സമരം
1339372
Saturday, September 30, 2023 1:23 AM IST
മഞ്ചേരി: സ്റ്റൈപെന്റ് വർധിപ്പിക്കുക, ആഴ്ചയിലൊരു ദിവസം അവധി അനുവദിക്കുക, ഡോ.വന്ദനദാസ് കൊലപാതകത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ മെഡിക്കൽ കോളജിലെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടുക, ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ സമരം നടത്തി.
സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലും കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ (കെഎംപിജിഎ) ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം. ഇന്നലെ രാവിലെ എട്ടിനാണ് സമരം ആരംഭിച്ചത്.
അത്യാഹിത ഐസിയു വിഭാഗങ്ങളെ സമരത്തിൽ നിന്നു ഒഴിവാക്കിയിരുന്നു. മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിന് മുന്നൽ നടന്ന പ്രതിഷേധ സംഗമത്തിൽ കെഎംപിജിഎ മഞ്ചേരി മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ. ശിവപ്രസാദ്, ജനറൽ സെക്രട്ടറി ഡോ. അശ്വതി, ഹൗസ് സർജൻ പ്രതിനിധിയായ ഡോ. അഭിഷേക് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായ ഡോ.ഐശ്വര്യ, ഡോ.കൃഷ്ണപ്രിയ, ഡോ.ഹെബ, ഡോ. ഷഫ്റിൻ, ഡോ. സഫ്ന എന്നിവർ നേതൃത്വം നൽകി. ഹൗസ് സർജൻസും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.