പെരിന്തൽമണ്ണ : പാതായിക്കര സ്കൂൾപ്പടി മിസ്ബാഹുൽ ഇസ്ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് പി.കെ. മുഹമ്മദ്കോയ തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് യഹ്കൂബ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി.
മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ദഫ്, സ്കൗട്ട്സ്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നടന്ന മൗലീദ് സദസിൽ നിരവധി പേർ പങ്കെടുത്തു.
കെ.ടി. മുഹമ്മദ് മുസ്ലിയാർ, ഹംസ അൻവരി, സൈനുദ്ദീൻ ആറങ്കോട്ടിൽ, അഷറഫ് ആറങ്കോട്ടിൽ, കുന്നത്ത് മുഹമ്മദലി എന്നിവർ നേതൃത്ത്വം നൽകി. മദ്രസ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.
ആനമങ്ങാട്: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിടനുബന്ധിച്ച് മണലായ മഹല്ല് കമ്മിറ്റിയും ഹിദായത്തുൽ മുത്തഅല്ലിമീൻ മദ്റസയും സംയുക്തമായി നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.
മദ്റസ വിദ്യാർഥികൾ, ദർസ് വിദ്യാർഥികൾ, നാട്ടുകാർ, പൂർവ വിദ്യാർഥികൾ എന്നിങ്ങനെ ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത വർണാഭമായ ഘോഷയാത്രക്ക് മുദരിസ് അസൈനാർ ബാഖവി, മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി പി. മൊയ്തു മാസ്റ്റർ, ട്രഷറർ ടി. അഷ്റഫ്, മരക്കാർ മുസ്ലിയാർ, മദ്റസ സദർ മുഅല്ലിം മുസമ്മിൽ കമാലി, പിടിഎ പ്രസിഡന്റ് സലാം മണലായ, ജനറൽ കൺവീനവർ എം.പി. ഷിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ : തിരു നബിയുടെ ജന്മദിനാഘോഷം പെരിന്തൽമണ്ണ മൻഫഉൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.സംഘത്തിന് കിഴിലെ മിറാസുൽ അമ്പിയാ മദ്രസയിൽ മൗലിദ് പാരയണം, വിദ്യാർഥികൾക്ക് പുതു വസ്ത്ര വിതരണം, കലാ പരിപാടികൾ ഭക്ഷണ വിതരണം, അവാർഡ് വിതരണം എന്നിവ സംഘടിപ്പിച്ചു.
പൊതു സമ്മേളനം ടൗണ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് അലി ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു.കെകെഎസ് ഇമ്പിച്ചികോയ തങ്ങൾ ആധ്യക്ഷത വഹിച്ചു.
ജാമിഅഃ ജമാലിയ്യ ആരിഫിയ്യ പ്രിൻസിപ്പൾ സി. മൂസ ബാഖവി, സദർ മുഹമ്മദ് കുട്ടി ഫൈസി, സംഘo പ്രസിഡന്റ് അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി പി.പി. ബാപ്പുഹാജി, സെക്രട്ടറി കാജാ മുഹ് യിദ്ദിൻ, അബൂ ശമ്മാസ് മൗലവി എന്നിവർ പ്രസംഗിച്ചു.രാവിലെ നഗരത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ക്ഷേത്ര കമ്മിറ്റി നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി
കരുവാരക്കുണ്ട്: നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്ഷേത്ര കമ്മിറ്റി. കരുവാരക്കുണ്ട് അയ്യപ്പൻ കാവ് നീലാങ്കുറുശി അയ്യപ്പക്ഷേത്ര സമിതിയാണ് സലാമത്ത് നഗർ തുഹ്ഫത്തുസ്വിബിയാൻ മദ്രസയുടെ നബിദിന റാലിക്ക് സ്വീകരണം നൽകിയത്.
പ്രവാചക പ്രകീർത്തനങ്ങളുമായി ദഫ്മുട്ടിന്റെ അകമ്പടിയോടെ സലാമത്ത് നഗർ തുഹ്ഫത്തുസ്വിബിയാൻ മദ്രസ കമ്മിറ്റി നടത്തിയ റാലിക്കാണ് അയ്യപ്പൻകാവിലെ നീലാങ്കുറുശി അയ്യപ്പക്ഷേത്രം സ്വീകരണമൊരുക്കിയത്.
ക്ഷേത്ര മുറ്റത്ത് ദഫ് അവതരിപ്പിച്ചാണ് വിദ്യാർഥികൾ ക്ഷേത്രസമിതിയോടുള്ള നന്ദി അറിയിച്ചത്. ക്ഷേത്രസമിതി പ്രസിഡന്റ് വെള്ളില വേലായുധൻ, സെക്രട്ടറി പി.എ. പ്രസാദ്, സുരേഷ് കറുത്തേടത്ത്, രാജൻ കൊളത്തൂർ സുധാകരൻ താഴത്തേത്ര തുടങ്ങിയവർ നേതൃത്വം നൽകി.
കരുവാരക്കുണ്ട് ദാറുന്നജാത്ത് മദ്രസ നബിദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. ഇതിന്റെ ഭാഗമായി നടന്ന മീലാദ് റാലിയിൽ വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. അലി ഫൈസി, സൈത് ഫൈസി, മജീദ് മുസ്ല്യാർ, സുഹൈൽ, സക്കീർ മുസ്ല്യാർ തുടങ്ങിയവർ നേതൃത്വം നൽകി
ഇരിങ്ങാട്ടിരി നഹ്ജുൽ ഫലാഹ് മദ്രസ മീലാദ് റാലി നടത്തി. ജാഫർ സാദിഖ് റഹ്മാനി, കമറുദ്ധീൻ മുസ്ലിയാർ, റംഷാദ് റഹ്മാനി എന്നിവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച റാലിയിൽ നിരവധി പേർ പങ്കെടുത്തു.
മാമ്പുഴ നിബ്രാസുൽ ഉലൂം മദ്രസയുടെ നേതൃത്വത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളാടെ നടന്നു. സദർ മുഅല്ലിം എം.കെ.എം ദാരിമി, ഒ.പി. സിറാജ് ഫൈസി, ഉമ്മർ ഫൈസി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
മാമ്പുഴ ഹീറോസ് ക്ലബിന്റെ നേതൃത്വത്തിൽ മൂന്ന് മദ്രസകളിലെ 1500 ഓളം വിദ്യാർഥികൾക്കാണ് സ്വീകരണം നൽകിയത്. ഇതിനായി ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാമ്പുഴ അങ്ങാടിയിൽ ശീതളപാനീയങ്ങളും, ലഘുഭക്ഷണവും ഒരുക്കിയ സ്റ്റാളും പ്രവർത്തിച്ചിരുന്നു.