മാസ് ഡോഗ് വാക്സിനേഷൻ കാന്പയിൻ സംഘടിപ്പിച്ചു
1338934
Thursday, September 28, 2023 1:41 AM IST
മഞ്ചേരി: തെരുവുനായ്ക്കളിൽ പേവിഷബാധ മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പേവിഷബാധ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലും മാസ് ഡോഗ് വാക്സിനേഷൻ കാന്പയിൻ സംഘടിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ പിടിക്കാൻ പരിശീലനം നേടിയിട്ടുള്ള ഡോഗ് ക്യാച്ചിംഗ് ടീമിന്റെ സഹായത്തോടെയാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് നിർവഹിച്ചു.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും പേവിഷബാധയ്ക്കെതിരായുള്ള വാക്സിനേഷൻ കുത്തിവയ്പിനു വിധേയമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സിമിലി കാരയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വെറ്റിനററി സർജൻ ഡോ. റമീസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശബരി ജാനകി, മുഫീദ, അറ്റൻഡർ മനോജ് എന്നിവർ നേതൃത്വം നൽകി.