നിലന്പൂർ മാനവേദൻ മിനി സ്റ്റേഡിയം; കായിക വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎയും സന്ദർശിച്ചു
1337436
Friday, September 22, 2023 2:46 AM IST
നിലന്പൂർ: നിലന്പൂർ മാനവേദൻ സ്കൂളിലെ മിനി സ്റ്റേഡിയം കായിക വകുപ്പ് േഉദ്യാഗസ്ഥരും എംഎൽഎ യും സന്ദർശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്പോർട്സ് മന്ത്രിയുടെ ഓഫീസിൽ മന്ത്രിയുടെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ നടത്തിയ അവലോകന യോഗ തീരുമാനപ്രകാരമായിരുന്നു സന്ദർശനം.
രാവിലെ 10.30 തോടെ പി.വി. അൻവർ എംഎൽഎ കേരള സ്പോർട്സ് ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽ കുമാർ, സ്പോർട്സ് ഡയറക്റേറ്റ് പ്രതിനിധികളായ അച്ചു, രാഹുൽ, ജയേന്ദ്രൻ, കിറ്റ്കോ എൻജിനീയർ പി. വിവേക്, നഗരസഭാധ്യക്ഷൻ മട്ടുമ്മൽ സലീം, കൗണ്‍സിലർമാരായ റഹ്മത്തുള്ള ചുള്ളിയിൽ, പി.എം. ബഷീർ, സ്കറിയ ക്നാംതോപ്പിൽ, മാനവേദൻ സ്കൂൾ പ്രഥമാധ്യാപകൻ, പിടിഎ, എസ്എംസി അംഗങ്ങൾ എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.
2022 മേയ് മാസത്തിൽ പണി പൂർത്തീകരിച്ചെങ്കിലും നിലവിൽ സ്റ്റേഡിയം പ്രതിസന്ധികൾ നേരിടുന്നുണ്ട്. മൈതാനത്തിന്റെ ഒരു ഭാഗത്തെ വെള്ളം ഒഴുകിപോകാൻ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ മൈതാനത്തെ സിന്തറ്റിക് ട്രാക്കിന് ഉൾപ്പെടെ വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനത്തിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പിടിഎ, എസ്എംസി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഹൈജന്പിന് ഉപയോഗിക്കുന്ന ബെഡ് തീരെ ഗുണനിലവാരം കുറഞ്ഞതിനാൽ കേട് വന്ന അവസ്ഥയിലാണ്. മൈതാനത്തിന്റെ സംരക്ഷണ ഭിത്തി നാമമാത്രമായതിനാൽ മൈതാനം ഉപയോഗശൂന്യമായ നിലയിലാണ്. ട്രാക്ക്, മാറ്റ് എന്നിവക്കാണ് സാരമായി കേടുപാടുകൾ ഉള്ളത്.
സർക്കാർ ഏജൻസിയായ കിറ്റ്കോക്കാണ് നിർമാണ ചുമതല. എന്നാൽ കിറ്റ്കോ ഉപകരാർ നൽകിയാണ് പ്രവൃത്തി നടത്തി വരുന്നത്. സ്റ്റേഡിയത്തിന്റെ ചെറിയ ഒരു ഭാഗത്ത് നിർമിച്ചിട്ടുള്ള സംരക്ഷണഭിത്തി ഗ്യാലറിയായി മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് പി.വി. അൻവർ എംഎൽഎ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ അഞ്ചു വർഷത്തെ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകരാണ്. രണ്ട് ആഴ്ച്ചക്കുള്ളിൽ സ്റ്റേഡിയം സന്ദർശിച്ച കായിക വിഭാഗം പഠനം നടത്തി റിപ്പോർട്ട് നൽകും.
ട്രാക്കിന് നാലു കോടിയും സ്റ്റേഡിയത്തിനും ടർഫിനും കൂടി ഒന്‍പത് കോടിയുമാണ് ചെലവഴിച്ചതെന്ന് കിറ്റ്കോ പ്രൊജക്ട് എൻജിനീയർ പി. വിവേക് പറഞ്ഞു. അഴുക്ക്ചാൽ സംവിധാനം ഉറപ്പിക്കിയ ശേഷവും സിന്തറ്റിക് ട്രാക്കിന്റെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷവും മാത്രമായിരിക്കും സ്കൂൾ സ്റ്റേഡിയം ഏറ്റെടുക്കുകയെന്ന് പിടിഎ പ്രസിഡന്റ് വരിക്കോടൻ ഷംസീർ പറഞ്ഞു.
പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഡിപിആർ ഉൾപ്പെടെ ഒന്നും സ്കൂളിൽ ലഭിച്ചിട്ടില്ലെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. നീന്തൽകുളത്തിന് കണ്ടെത്തിയ സ്ഥലവും സംഘം സന്ദർശിച്ചു. സ്റ്റേഡിയം സ്കൂളിന് കൈമാറുന്നതിൽ തടസമില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്കൂൾ പ്രഥമാധ്യാപകൻ ചെയർമാനും നഗരസഭ സെക്രട്ടറി കണ്‍വീനറുമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന കമ്മിറ്റിക്കാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കൈമാറുക.