പ്രവേശനോത്സവം കൽപ്പകഞ്ചേരി സ്കൂളിൽ; പുതിയ അധ്യയന വർഷത്തിനു നാളെ തുടക്കം
1298878
Wednesday, May 31, 2023 5:16 AM IST
മലപ്പുറം: പുതുമണമുള്ള പുസ്തകങ്ങളും യൂണിഫോമും ധരിച്ച് പുതിയ അധ്യയന വർഷത്തിലേക്ക് നാളെ പ്രതീക്ഷയോടെ പടികയറി വരുന്ന കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.
ചുമരുകളിൽ വർണാഭമായ ചിത്രങ്ങൾ വരച്ചും സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും പിടിഎയുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തി സ്കൂൾവളപ്പിലെ മാളങ്ങളടക്കം അടച്ച് സുരക്ഷ ഉറപ്പാക്കി.
ഇന്നലെ നടന്ന അവസാനവട്ട ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും പിടിഎയും സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാഥികളും പങ്കുചേർന്നു. സ്കൂൾ പ്രവേശനം വിപുലമായാണ് നടത്തുന്നത്. ജില്ലാതല സ്കൂൾ പ്രവേശനോത്സവം കൽപ്പകഞ്ചേരി ജിവിഎച്ച്എസ്എസിൽ രാവിലെ 10ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായിരിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പങ്കെടുക്കും. ലഹരി മുക്ത കേരളമെന്ന സന്ദേശവുമായി ഭിന്നശേഷി കുട്ടികൾ നിർമിച്ച സേ നോ ടു ഡ്രഗ്സ് എന്ന് ആലേഖനം ചെയ്ത 1,000 പേപ്പർ പേനകളുടെ കൈമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം, കാൻവാസ് ചിത്രരചന, എൻഎസ്എസ് സ്റ്റാൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റാൾ, സ്കൗട്ട്, ഗൈഡ് സ്റ്റാൾ, യോഗ, സയൻസ്, ഗണിത സ്റ്റാൾ, ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങൾ, എൻഎസ്എസ് ഫുഡ്ഫെസ്റ്റ്, നാടൻപാട്ട് ശിൽപ്പശാല, ഒപ്പന, തിരുവാതിര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ പ്രവേശനോത്സവത്തിൽ നടക്കും.
സ്കൂളുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ അരങ്ങേറും. ജില്ലയിലെ ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള 95 ശതമാനം പുസ്തകങ്ങളും ബുക്ക് ഡിപ്പോകളിൽ എത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 53,73,363 പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ 52,80,752 പുസ്തകങ്ങൾ വിതരണത്തിന് ലഭിച്ചിട്ടുണ്ട്. 49,46,561 പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. ശേഷിക്കുന്ന 2,62,191 പുസ്തകങ്ങളിൽ 90 ശതമാനവും അണ്‍എയ്ഡഡ് സ്കൂളുകളിലേക്കുള്ളതാണ്.
ഇന്നത്തോടെ ഇവയുടെ വിതരണവും പൂർത്തിയാകും.ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള കൈത്തറി യൂണിഫോമിന്റെ വിതരണം പൂർത്തിയായിട്ടുണ്ട്.
അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകളിലെ പെണ്‍കുട്ടികൾക്കുള്ള യൂണിഫോം വിതരണം പൂരോഗമിക്കുന്നു. ആണ്‍കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തിട്ടില്ല. ഇതിനുള്ള തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് 600 രൂപ നിരക്കിൽ ലഭിക്കും. കഴിഞ്ഞ വർഷത്തെ തുക ഇതുവരെ അനുവദിച്ചിട്ടില്ല. ഈ തുകയും ഇത്തവണ അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.ഏകാധ്യാപക വിദ്യാലയങ്ങളിൽ മിക്കതും അടച്ചുപൂട്ടിയ സാഹചര്യത്തിൽ നിലന്പൂർ മേഖലയിലെ ആദിവാസി ഉൗരുകളിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളെയും സ്കൂളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. ഇതിനകം രണ്ടുവട്ടം ഉൗരുകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.