സി സോണ്‍: നൃത്തവേദികൾ ഉണർന്നു
1297144
Wednesday, May 24, 2023 11:54 PM IST
പൊന്നാനി: കാലിക്കട്ട് യൂണിവേഴ്സിറ്റി സിസോണ്‍ കലോത്സവം പൊന്നാനി എംഇഎസ് കോളജിൽ ആരംഭിച്ചപ്പോൾ നടന ലാസ്യലയത്തിൽ മൂന്നാംദിനം ഭരതനാട്യത്തിന്റെ നാട്യഭാവത്തിൽ വേദി ഒന്ന് ഉണർന്നു.
ക്ലാസിക്കൽ ഡാൻസിന്റെ താളത്തിൽ രണ്ടാംവേദിയും മിമിക്രിയുടെയും മോണോആക്ടിന്റെയും ചടുതലയിൽ വേദി മൂന്നും തുകൽവാദ്യങ്ങളുടെ ശബ്ദഘോഷത്തിൽ വേദി നാലും കഥകളി സംഗീതത്തിന്റെയും ലളിത സംഗീതത്തിന്റെയും സ്വരമാധുരി തീർത്ത് വേദി അഞ്ചും മത്സരാർഥികൾ കൈയടക്കി. വിവിധ കോളജുകളിൽ നിന്നെത്തിയ സർഗപ്രതിഭകളുടെ കലാപ്രകടനങ്ങൾക്കാണ് പൊന്നാനി എംഇഎസ് കോളജ് സാക്ഷിയായത്. മത്സരാർഥികൾക്ക് പോത്സാഹനം നൽകാനായി കൂട്ടുകാരും ഒത്തുചേർന്നു. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സിസോണ്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളിൽ പങ്കാളികളാകാനും കാണാനുമായി ആവേശപൂർവമാണ് വിദ്യാർഥികളെത്തിയത്.
കലോത്സവത്തിന്റെ ഒന്നാമത്തെ ഘട്ടമായ രജിസ്ട്രേഷൻ മുതൽ റിസൾട്ട് വരെയുള്ള കാര്യങ്ങൾ ഓണ്‍ലൈൻ ആയിരിക്കുകയാണ് ഇത്തവണ. വെബ്സൈറ്റ് കലോത്സവത്തിന് ഏതാനും ദിവസങ്ങൾ മുന്‍പാണ് പ്രാബല്യത്തിൽ വന്നത്. ഏതൊരു വിദ്യാർഥിക്കും കാന്പസുകൾക്കും സുഗമമായി കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് വെബ് സൈറ്റിന്റെ പ്രവർത്തനം. ലിങ്ക് ഓപ്പണ്‍ ചെയ്യുന്പോൾ തന്നെ രജിസ്ട്രേഷൻ, റിസൾട്ട് എന്നീ രണ്ട് ഓപ്ഷനുകൾ ലഭ്യമാകുന്നു. രജിസ്ട്രേഷൻ കൗണ്ടറിലെ വോളണ്ടിയേഴ്സിന് മാത്രം ആക്സസ് ഉള്ള അപ്ലിക്കേഷൻ വഴി പാർട്ടിസിപ്പേഷൻ കാർഡിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് അതത് ദിവസങ്ങളിലെ മത്സരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിന് പുറമേ കലോത്സവത്തിന്റെ മുഴുവൻ ഷെഡ്യൂളും റിസൾട്ടും കാന്പസുകളുടെ ഓവറോൾ ലീഡ്ബോർഡും വിദ്യാർഥികളുടെ വ്യക്തിഗത ലീഡ്ബോർഡും ഇതുവഴി ലഭ്യമാക്കിയിട്ടുണ്ട്.