സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നത് നിർത്തിവയ്ക്കാൻ ഉത്തരവ്
1296888
Wednesday, May 24, 2023 12:16 AM IST
എടക്കര: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി എടക്കര ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നത് നിർത്തിവയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
എടക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ച പ്രകാരം നടന്നു വരുന്ന ക്വട്ടേഷൻ നടപടിക്രമങ്ങൾ അന്തിമതീരുമാനമുണ്ടാകുന്നത് വരെയാണ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
നിർത്തിവച്ച വിവരം ഉടൻ ഓംബുഡ്സ്മാൻ കാര്യാലയത്തിൽ ലഭ്യമാക്കാനും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. യുഡിഎഫ് ഭരിക്കുന്ന എടക്കര പഞ്ചായത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ചട്ട ലംഘനം നടത്തിയതായി ഓംബുഡ്സ്മാൻ കണ്ടെത്തിയത്.
സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നത് ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയാണ് നടത്തിയത്. ക്വട്ടേഷൻ ക്ഷണിക്കുന്നതിന് തീരുമാനം എടുത്തതായി മറ്റു അജണ്ടകളുടെ കൂടെ എഴുതിച്ചേർത്തിരിക്കുകയാണ്. മേയ് 17 ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഈ ക്വട്ടേഷൻ അംഗീകരിക്കുന്നതിനുള്ള തീരുമാനം അറിയിച്ചപ്പോഴാണ് ഇങ്ങനെയൊരു ക്വട്ടേഷൻ വിവരം ഗ്രാമപഞ്ചായത്ത് മെംബർമാർ അറിയുന്നത്.
ഇതിനെ എൽഡിഎഫിന്റെ മെംബർമാർ എതിർക്കുകയും വീണ്ടും ക്വട്ടേഷൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ക്വട്ടേഷൻ അംഗീകരിച്ചു തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചത്.
ഇതു സംബന്ധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഒബുഡസ്മാന് പഞ്ചായത്തംഗം സന്തോഷ് കപ്രാട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാൻ നടപടി സ്വീകരിച്ചത്.
എന്നാൽ മേയ് 26ന് ഭരണസമിതി യോഗം ചേരാൻ തീരുമാനമെടുത്ത് നോട്ടീസ് ഇറക്കി. സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കൽ ക്വട്ടേഷൻ ക്ഷണിക്കുന്നത് സംബന്ധിച്ചെന്ന് വീണ്ടും ഭരണസമിതി യോഗത്തിൽ അജണ്ടയാക്കി വച്ചു. സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ് സംബന്ധിച്ച തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി വീണ്ടും ഇതേ അജണ്ട വച്ചതെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.