റേഷൻ കാർഡിലെ അപാകതകൾ: നിവേദനം നൽകി
1283286
Saturday, April 1, 2023 11:24 PM IST
പെരിന്തൽമണ്ണ: സാധാരണക്കാരന്റെ റേഷൻ കാർഡിലെ അപാകതകൾക്കു പരിഹാരം കാണണം എന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലർമാർ സിവിൽ സപ്ലൈ ഓഫീസർക്കു നിവേദനം നൽകി.പെരിന്തൽമണ്ണ സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടു വീടാന്തരം കയറി നീല കാർഡ് ഉടമകളുടെ റേഷൻ കാർഡ് വാങ്ങി വച്ച് വീടിനു ആയിരം സ്ക്വയർഫീറ്റിന് മുകളിലുള്ളവർ ആണെന്നു പറഞ്ഞു പിഴ ഇടാക്കുന്ന സാഹചര്യം നിലനിൽക്കുന്നു.
നിർധനരായ ആളുകൾ, നിത്യരോഗികൾ, വിധവകൾ, സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്നവർ ഇവർക്കെല്ലാം പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഇതുമായി ബന്ധപ്പെട്ടു പിഴ ഒഴിവാക്കി കൊടുക്കുവാനോ കുറക്കാനോ നടപടി ഉണ്ടാകണമെന്നും ബപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് നിലവിൽ ആയിരം സ്ക്വയർ ഫീറ്റ് എന്നുള്ളത് 1250 സ്ക്വയർ ഫീറ്റാക്കി നിജപ്പെടുത്താനും നീല കാർഡ് ഉടമകൾക്ക് രണ്ടായിരം സ്ക്വയർ ഫീറ്റാക്കി ഉയർത്താനും അടിയന്തര നടപടി വേണമെന്നാവശ്യപെട്ടാണ് യുഡിഎഫ് കൗണ്‍സിലർമാർ നിവേദനം നൽകിയത്. കൗണ്‍സിലർമാരായ പച്ചീരി ഫാറൂഖ്, താമരത്ത് സലീം, പത്തത്ത് ജാഫർ, ജിതേഷ്, ഹുസൈൻ റിയാസ്, ഹുസൈനാ നാസർ, കൃഷ്ണപ്രിയ, തസ്നി അക്ബർ, ശ്രീജിഷ, നിഷാ സുബൈർ, സജ്ന ഷൈജൽ എന്നിവർ സംബന്ധിച്ചു. പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരം നടത്തുമെന്നും കൗണ്‍സിലർമാർ മുന്നറിയിപ്പ് നൽകി.