അധ്യാപകർക്ക് സമ്മാനങ്ങളുമായി വിദ്യാർഥികൾ
1283024
Saturday, April 1, 2023 12:16 AM IST
കരുവാരക്കുണ്ട്: അധ്യായന വർഷം അവസാനിച്ചതോടെ അധ്യാപകർക്ക് സ്നേഹസമ്മാനങ്ങളുമായി വിദ്യാർഥികൾ. അധ്യയനവർഷാവസാനത്തോടെ പ്രിയ അധ്യാപകർക്ക് വിദ്യാർഥികൾ സ്നേഹസമ്മാനങ്ങൾ നൽകുന്ന കാഴ്ച പതിവായി മാറി. മുൻകാലങ്ങളിൽ ഉയർന്ന ക്ലാസുകളിലെ കുട്ടികൾ ഒത്തൊരുമിച്ച് എന്തെങ്കിലുമൊരു വസ്തു അധ്യാപകർക്ക് നൽകുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം ക്ലാസിലെ ഓരോ കുട്ടിയും അധ്യാപകർക്ക് വിവിധ സമ്മാനങ്ങളാണ് നൽകിയിരിക്കുന്നത്.സ്നേഹോപഹാര സമർപ്പണം ഭൂരിഭാഗം അധ്യാപകരും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരു ക്ലാസിലെ നിർധനരായ കുട്ടികൾക്ക് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകാൻ കഴിയാതെ വരുന്പോഴുള്ള വിഷമം പരിഗണിച്ചാണ് ഇത്തരം പ്രവർത്തികൾ കൂടുതൽ അധ്യാപകരും നിരുത്സാഹപ്പെടുത്തിയത്. അധ്യാപകർക്കുള്ള ചെറിയൊരു സ്നേഹോപഹാരം മാത്രമാണിതെന്നാണ് കുട്ടികളും രക്ഷിതാക്കളും പ്രതികരിച്ചത്.
ഒരിക്കലും സേവനത്തിനുള്ള പകരമോ കടപ്പാട് തീർക്കാനുള്ള ഉപാധിയോ അല്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.