പെരിന്തൽമണ്ണ നഗരസഭയിലെ വീടുകൾ ഹരിത കർമസേനയിൽ രജിസ്റ്റർ ചെയ്യാൻ നടപടിയായി
1282287
Wednesday, March 29, 2023 11:45 PM IST
പെരിന്തൽമണ്ണ:നഗരസഭയിലെ മുഴുവൻ വീടുകളും മാർച്ച് 31നുള്ളിൽ ഹരിതകർമ സേനയിൽ രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചതായി ശുചിത്വ കാര്യങ്ങൾക്കായുള്ള ക്ലീൻസിറ്റി മാനേജർ സി.കെ അബ്ദുൾനാസർ നഗരസഭ കൗണ്‍സിൽ യോഗത്തെ അറിയിച്ചു.
ബ്രഹ്മപുരം മാലിന്യത്തിനു തീപിടിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ജൈവമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു വാർഡുതലത്തിൽ പ്രത്യേക യോഗം ചേർന്നു ശുചിത്വ സമിതികൾ രൂപീകരിക്കും. അന്‍പതിൽ കുറയാത്ത വീടുകളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കൗണ്‍സിലറുടെ നേതൃത്വത്വത്തിൽ വീടുകളിലെത്തി ഹരിതകർമസേനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്തണം. ജൈവ മാലിന്യ സംസ്കരണത്തിന് സൗകര്യമുണ്ടോയെന്നും ഉറപ്പാക്കണമെന്നും നിർദേശിച്ചു.
സംസ്കരണത്തിനായി ’ബയോബിൻ’ പോലുള്ള സംവിധാനത്തിനു നിർദേശം നൽകി. മേയ് 20-ഓടെ ഒരു പ്രദേശമെങ്കിലും മാലിന്യം വലിച്ചെറിയൽ രഹിതകേന്ദ്രമായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ക്ലീൻസിറ്റി മാനേജർ പറഞ്ഞു.നജീബ് കാന്തപുരം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിലുൾപ്പെടുത്തി പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ നാല് എൽഇഡി മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. കുന്നപ്പള്ളി വായനശാല, പെരിന്തൽമണ്ണ സെൻട്രൽ കൊല്ലക്കോട്ട് മുക്ക് നമസ്കാര പള്ളി, ആനത്താനം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുക.
ഇതിന്റെ മെയിന്റനൻസ്, വൈദ്യുതി ചാർജ് എന്നിവ നഗരസഭ വഹിക്കും. ഏപ്രിലിൽ പത്തുദിവസം കുട്ടികളുടെ ഫുട്ബോൾ പരിശീലത്തിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാനും കൗണ്‍സിൽ അനുമതി നൽകി. പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ 29 ക്ലാസുമുറികളിൽ ഗ്രീൻ ബോർഡ് സ്ഥാപിക്കാൻ 1,52,830 രൂപ അനുവദിച്ചു.
പഴയമാർക്കറ്റ്, മനഴി സ്റ്റാൻഡ്, ബൈപ്പാസ് സ്റ്റാൻഡ്, ഹൈടെക് ഷോപ്പിംഗ് കോപ്ലക്സ് എന്നിവിടങ്ങളിലെ ശൗചാലയങ്ങളുടെ നടത്തിപ്പിന് പുനർലേലം നടത്തിയിട്ടും ആരും തയാറാകാത്ത സാഹചര്യത്തിൽ ഓഫർ ക്ഷണിക്കാനും തീരുമാനിച്ചു. കൗണ്‍സിൽ നിലവിൽ വന്നു മൂന്നു വർഷം കഴിഞ്ഞിട്ടും അംഗങ്ങൾക്ക് മുനിസിപ്പൽ ആക്ട്, റൂൾസിന്റെ കോപ്പി ലഭ്യമാക്കത്തതിനു പ്രതിപക്ഷാംഗം എം.എം സക്കീർഹുസൈൻ വിമർശിച്ചു. ആക്ടിന്റെ കോപ്പി എത്തിക്കാൻ കൊച്ചിയിലെ ലോബുക്കിൽ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ സുകുമാർ ലോ ബുക്കിൽ നിന്നു കോപ്പി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നു ചെയർമാർ പി.ഷാജി അറിയിച്ചു.