ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി
1281916
Tuesday, March 28, 2023 11:41 PM IST
കരുവാരകുണ്ട്: ജനവാസ കേന്ദ്രത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. തുവൂർ പായിപ്പുല്ല് ചോലവളവിലെ കമുകിൻ തോട്ടത്തിൽ മാലിന്യം തള്ളുന്നതിനിടെയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ മൂന്നംഗ സംഘം പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം.
പായിപുല്ല് ചോലവളവിൽ പാതയോരത്തുള്ള സ്വകാര്യവ്യക്തിയുടെ കമുകിൻതോട്ടത്തിൽ പാണ്ടിക്കാട് നിന്നു കൊണ്ടുവന്ന മാലിന്യമാണ് തള്ളിയത്. ഇതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം തടഞ്ഞു നിർത്തി കരുവാരക്കുണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം തൃക്കടീരി സ്വദേശികളായ
താളിയംതൊടി മുഹമ്മദ് ഫാസിൽ (30), പൂച്ചേങ്ങൽ ഷമീർ (30), താളിയംതൊടി നുബൈൽ അലി(27) എന്നിവരെയാണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം നിറച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പായിപ്പുല്ല് മേഖലയിൽ ഇത്തരത്തിൽ ശുചിമുറി മാലിന്യവും അറവുമാലിന്യവും തള്ളുന്നത് പതിവാണ്. കഴിഞ്ഞ വർഷം വീട്ടുമുറ്റത്ത് വരെ മാലിന്യം തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.