നവീകരിച്ച ശൗചാലയം ഉദ്ഘാടനം ഇന്ന്
1281024
Sunday, March 26, 2023 12:07 AM IST
പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നവീകരിച്ച പൊതുശൗചാലയങ്ങളുടെ ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ പത്തരയ്ക്ക് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. പുരുഷൻമാരുടെയും സ്ത്രീകളുടെയും ശൗചാലയങ്ങളാണ് ടൈൽ പതിച്ചും സൗകര്യങ്ങൾ വർധിപ്പിച്ചും നവീകരിച്ചത്. സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് സിവിൽ മെയിന്റനൻസ് ആൻഡ് വെൽഫെയർ കമ്മിറ്റിയാണ് നവീകരണം നടത്തിയത്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ദീർഘ-ഹൃസ്വദൂര യാത്രക്കാർക്കും ജീവനക്കാർക്കും വൃത്തിയും സൗകര്യവുമുള്ള ശൗചാലയമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ശൗചാലയങ്ങൾ നവീകരിക്കുന്നുണ്ട്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് കോർപറേഷൻ ശൗചാലയ നവീകരണ പദ്ധതിയുടെ ഭാഗമായാണ് പെരിന്തൽമണ്ണയിലെ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. ചടങ്ങിൽ നഗരസഭാംഗം കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരിക്കും. കെഎസ്ആർടിസി വെൽഫെയർ ഓഫീസർ വിനോദ്കുമാർ, വിജിലൻസ് ഓഫീസർ കെ.പി. രാധാകൃഷ്ണൻ, ജില്ലാ ഓഫീസർ സി. നിഷിൽ തുടങ്ങിയവർ പങ്കെടുക്കും.