മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; പാണ്ടികശാലയിൽ ആരോഗ്യഉപകേന്ദ്രത്തിനു നടപടി
1280708
Saturday, March 25, 2023 12:35 AM IST
മലപ്പുറം: വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിൽ ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപരേഖ സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പദ്ധതി രൂപരേഖ ലഭിച്ചാലുടൻ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയക്കുമെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
പാണ്ടികശാലയിൽ നിന്നു സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ ഏഴു കിലോമീറ്റർ സഞ്ചരിക്കേണ്ടതിനാൽ ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടു. പാണ്ടികശാല വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലാണെന്നും ഇവിടെ ഒരു ഉപകേന്ദ്രം ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഉപകേന്ദ്രം ആരംഭിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമായാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതുതായി ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖകളിൽ കേന്ദ്ര അനുമതി ലഭ്യമാക്കുന്നതിന് സമർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിൽ പാണ്ടികശാലയും ഉൾപ്പെടുത്താൻ ഡിഎംഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സണ്റൈസ് എന്ന സംഘടനക്ക് വേണ്ടി സെക്രട്ടറി ടി. മുഹമ്മദ് റഫീഖ് സമർപ്പിച്ച പരാതിയിലാണ് നടപടി.