പൊന്നാനിയിൽ കപ്പലടുക്കും; ഉന്നത സംഘം സ്ഥലം സന്ദർശിച്ചു
1280705
Saturday, March 25, 2023 12:35 AM IST
പൊന്നാനി: പൊന്നാനി തീരത്ത് കപ്പൽ അടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. കപ്പൽ ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു. ടെർമിനൽ നിർമിക്കാനുദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാണ് സംഘം സന്ദർശനം നടത്തിയത്. പഴയ ജങ്കാർ ജെട്ടിക്ക് സമീപം മൾട്ടിപർപ്പസ് പോർട്ട് നിർമിക്കാനാണ് നിലവിലെ തീരുമാനം. കപ്പലിനടുക്കാൻ പാകത്തിൽ നൂറു മീറ്റർ പുതിയ വാർഫ് നിർമിക്കും. ഇതിനോടനുബന്ധിച്ചുള്ള മറ്റു പശ്ചാത്തല വികസനവും നടത്തും. ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ നാലു മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഹാർബർ പ്രദേശത്ത് പദ്ധതിക്ക് ആവശ്യമായ ആഴമുണ്ടെന്നാണ് കണ്ടെത്തൽ. 50 കോടി ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുതിയ പദ്ധതി ഒരുങ്ങുക.
പദ്ധതിയുടെ ഡിപിആർ മൂന്നാഴ്ചക്കകം സമർപ്പിക്കും. പി.നന്ദകുമാർ എംഎൽഎയുടെ നിരന്തരം ഇടപെടലിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്.
ചരക്കു യാത്രാഗതാഗത സൗകര്യങ്ങൾക്ക് ഉൗന്നൽ നൽകി മൾട്ടിപർപ്പസ് സംവിധാനത്തോടെയാണ് പദ്ധതിയൊരുക്കുക. കപ്പൽ ടെർമിനൽ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. സ്ഥലം സന്ദർശിച്ച ശേഷം പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി.നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മാരിടൈം ബോർഡ് സിഇഒ ടി.പി സലീംകുമാർ, ഹാർബർ സൂപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ഹാർബർ എക്സിക്യുട്ടീവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കണ്സർവേറ്റർ വി.വി പ്രസാദ്, നഗരസഭാ മുൻ അധ്യക്ഷൻ സി.പി മുഹമ്മദ്കുഞ്ഞി, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.