ക്ഷേത്ര ഭണ്ഡാരം കൊള്ളയടിച്ച പ്രതി അറസ്റ്റിൽ
1279770
Tuesday, March 21, 2023 11:21 PM IST
മഞ്ചേരി: മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന സംഭവത്തിൽ പ്രതിയെ മഞ്ചേരി എസ്ഐ ആർ.പി സുജിത്ത് അറസ്റ്റ് ചെയ്തു. മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി പെരുവൻകുഴിയിൽ അൻഷാദ് (25) ആണ് ഇന്നലെ രാവിലെ 10.40ന് മഞ്ചേരി ടൗണിൽ വച്ച് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്പതിനാണ് സംഭവം. എട്ടിയോട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം പിഴുതെടുത്ത് ഇരുപതിനായിരം രൂപയോളം കവർന്നുവെന്നാണ് കേസ്. ക്ഷേത്രത്തിലെ ജീവനക്കാരിയാണ് മോഷണ വിവരം ആദ്യമറിയുന്നത്. പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.എ അഷ്റഫ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.