റിപ്പബ്ലിക്ദിനം: മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിവാദ്യം സ്വീകരിക്കും
1262295
Thursday, January 26, 2023 12:16 AM IST
മലപ്പുറം: റിപ്പബ്ലിക് ദിനമായ ഇന്നു മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ രാവിലെ ഒന്പതിനു വൈദ്യുത ബോർഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയ പതാകയുയർത്തും.
രാവിലെ 7.15 ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന പ്രഭാതഭേരിയോടെയാണ് ജില്ലയിലെ റിപ്പബ്ലിക്ദിനാഘോഷങ്ങൾക്ക് തുടക്കമാവുക. പത്തിനു വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രഭാതഭേരിയിൽ പങ്കെടുക്കും. സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതിന് ശേഷമാണ് വിശിഷ്ടാതിഥി പതാക ഉയർത്തുന്നതിനായി പരേഡ് ഗ്രൗണ്ടിലെത്തുക. പതാക ഉയർത്തിയ ശേഷം മന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് പി.എ കുഞ്ഞുമോൻ പരേഡിന് നേതൃത്വം നൽകും. പി. ബാബുവാണ് പരേഡിലെ സെക്കൻഡ് ഇൻ കമാൻഡർ. എംഎസ്പി, പ്രാദേശിക പോലീസ്, സായുധ റിസർവ് പോലീസ്, എക്സൈസ്, വനിതാ പോലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ്, എൻസിസി, ജൂണിയർ എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, ജൂണിയർ റെഡ് ക്രോസ്, എസ്പിസി (ബോയ്സ് ആൻഡ് ഗേൾസ്) തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 30 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക. 9.40 ന് പരേഡ് സമാപിക്കും. ബാൻഡ് സെറ്റുകളുടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ് മാർച്ച് പാസ്റ്റിന്റെയും മറ്റും അകന്പടിയോടെ നടക്കുന്ന പ്രഭാതഭേരിയിൽ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിൽ മികച്ച പ്രകടനം നടത്തുന്ന വിഭാഗങ്ങൾക്കും റോളിംഗ് ട്രോഫികൾ സമ്മാനിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ അലങ്കരിക്കും.