പാലം പൂർത്തിയായി; ആളം ദ്വീപ് നിവാസികളുടെ സ്വപ്നം പൂവണിയുന്നു
1262010
Wednesday, January 25, 2023 12:34 AM IST
മലപ്പുറം: മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥ്യാർഥമായി. ദ്വീപിലേക്കുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായി. പാലം ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്നു നൽകും. 5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. രണ്ടര മീറ്റർ വീതിയിൽ നടപ്പാതയടക്കം ഏഴര മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. 25 മീറ്റർ നീളത്തിലുള്ള മൂന്നു സ്പാനുകളാണ് പാലത്തിനു ഉണ്ടാകുക. ഇരുവശത്തുമായി 860 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. നിലവിൽ പാലത്തിന്റെ നടപ്പാത,
കൈവരികൾ, റോഡ് സേഫ്റ്റി വർക്കുകൾ, അപ്രോച്ച് റോഡിന്റെ ടാറിംഗ്, പെയിന്റിംഗ്് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയായി.
ബിയ്യം കായലിനോട് ചേർന്നു നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ആളം ദ്വീപിൽ താമസിക്കുന്ന 120 ഓളം കുടുംബങ്ങൾക്ക് പഞ്ചായത്ത് ഓഫീസിലേക്കും വിവിധ പ്രദേശങ്ങളിലേക്കും പോകാൻ ഏറെ പഴക്കമുള്ള പഴയ പാലമായിരുന്നു ഏക ആശ്രയം. മുന്‍പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താൽ തകർന്നതോടെ പലതവണ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ ഇതെല്ലാം ഒലിച്ചുപോയിരുന്നു.
ദ്വീപുകാരുടെ സുരക്ഷിതയാത്രക്കും മികച്ച ഗതാഗതത്തിനുമായി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് പാലം നിർമാണത്തിന് വഴിയൊരുക്കിയത്. നിലവിലെ ഏഴു മീറ്റർ റോഡിന് അനുസൃതമായി പാലം നിർമിക്കാൻ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ തുകയും അനുവദിച്ച് സാങ്കേതിക തടസങ്ങൾ നീക്കി. നിലവിലെ എംഎൽഎ പി. നന്ദകുമാറിന്റെ നിരന്തര ഇടപെടലിൽ പദ്ധതി യാഥാർഥ്യമായി.