റോഡിലെ ഗർത്തം അപകടഭീഷണിയുണ്ടാക്കുന്നു
1227631
Thursday, October 6, 2022 12:02 AM IST
മങ്കട: കോഴിക്കോട്ടുപറന്പ് -മക്കരപ്പറന്പ് റോഡിൽ കിടങ്ങ് രൂപപ്പെട്ടതു അപകടങ്ങൾക്കു വഴിവയ്ക്കുന്നു. സ്വകാര്യ ടെലിഫോണ്‍ കന്പനി കേബിൾ സ്ഥാപിക്കാൻ കുഴിച്ച കിടങ്ങാണ് മഴവെള്ളത്തിൽ നികത്തിയ മണ്ണു ഒലിച്ചുപോയി വലിയ കിടങ്ങായി രൂപപ്പെട്ടിരിക്കുന്നത്. കേബിളുകൾ ബന്ധിപ്പിക്കാൻ റോഡിൽ കുഴിച്ച നാലടിയോളം വീതിയുള്ള വലിയ കുഴികളായിട്ടുണ്ട്. ഇവിടെ മണ്ണു നീങ്ങി അപകടക്കുഴികളായി മാറിയിരിക്കുകയാണ്. മാസങ്ങളായി ഈ കിടങ്ങും കുഴികളും രൂപപെട്ടിട്ട്. നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തൊട്ടടുത്ത മർകസുൽ ഹിദായ ഹൈസ്കൂളിന്റെയടക്കം നിരവധി സ്കൂളുകളുടെ ബസുകൾ കുട്ടികളുമായി പല തവണ ഇതിലൂടെ കടന്നുപോകുന്നു. റോഡിലെ കിടങ്ങ് അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. കുഴിയെടുത്ത സ്വകാര്യ കന്പനി റോഡ് നവീകരിക്കാനുള്ള പണം പൊതുമരാമത്ത് വകുപ്പിനു നൽകിയാണ് റോഡ് കീറിയെതെന്നും അതിനാൽ റോഡിന്റെ നവീകരണ ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നുമാണ് നാട്ടുകാരുടെ പരാതി. മങ്കട ഗ്രാമപഞ്ചായത്തിൽ ജില്ലാ ആസ്ഥാനത്തേക്കും പ്രധാനപ്പെട്ട രണ്ടു ദേശീയ പാതകളിലെത്തുന്നതിനും പ്രധാനമായി ആശ്രയിക്കുന്ന റോഡ് കൂടിയാണ് ഈ പാത.