ആര്യാടൻ മുഹമ്മദ് അനുസ്മരണം
1227625
Thursday, October 6, 2022 12:02 AM IST
മലപ്പുറം: കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കേരള രാഷ്ട്രീയത്തിലെ ചാണക്യനുമായിരുന്നു ആര്യാടൻ മുഹമ്മദ് എന്നു ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് വി.എസ് ജോയി പറഞ്ഞു.
മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റ് മലപ്പുറത്ത് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർക്കെന്നും ഉൗർജം നൽകിയ വ്യക്തികൂടിയായിരുന്നു ആര്യാടൻ.
കേരളത്തോളം പഴക്കമുള്ള രാഷ്ട്രീയ പ്രവർത്തന പാരന്പര്യം കൈമുതലായുള്ള ഒരു നേതാവായിരുന്നു. റബർ തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടാണ് ആര്യാടൻ മുഹമ്മദ് രാഷ്ട്രീയത്തിൽ സജീവമായത്. വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വൈദ്യുതി ചാർജ് കുറക്കാൻ അദ്ദേഹം തയാറായത്.
കേരളത്തിൽ വെളിച്ച വിപ്ലവത്തിന് തുടക്കം കുറിച്ചതും ആര്യാടൻ മുഹമ്മദാണെന്ന് വി.എസ് ജോയ് പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു.