വയോസേവന പുരസ്കാരം: മികച്ച ഗ്രാമപഞ്ചായത്ത് വേങ്ങര
1224029
Saturday, September 24, 2022 12:02 AM IST
മലപ്പുറം: വയോജന പരിപാലന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ, എൻജിഒകൾ, മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്കു സാമൂഹികനീതി വകുപ്പ് നൽകുന്ന വയോസേവന പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി മന്ത്രി ഡോ.ആർ. ബിന്ദു പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി മലപ്പുറം ജില്ലയിലെ വേങ്ങരയും തിരുവനന്തപുരം ജില്ലയിലെ മാണിക്കലും അർഹരായി. ഒരു ലക്ഷം രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും അവാർഡിനർഹമായ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കും.
മുതിർന്ന പൗരൻമാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിനു പി.എസ്. ജോണ്, പി.സുകുമാരൻ എന്നിവർ അർഹരായി. 25,000 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം. കലാ,സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിനു ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്മദ് പേരാന്പ്രയിൽ (അഹമ്മദ് ചെറ്റയിൽ), പൊറാട്ട് നാടക കലാകാരനായ പകൻ എന്നിവർ അർഹരായി.
25,000 രൂപ കാഷ് അവാർഡും ഉപഹാരവും പ്രശസ്തിപത്രവുമാണ് സമ്മാനം. സമഗ്രസംഭാവനയ്ക്കുള്ള അവാർഡിനു എഴുത്തുകാരി ഡോ.എം. ലീലാവതിയും ഗായകൻ പി. ജയചന്ദ്രനനും അർഹരായി. 25,000 രൂപ കാഷ് അവാർഡും ഉപഹാരവും പ്രശസ്തിപത്രവുമാണ് സമ്മാനം. മികച്ച മെയിന്റനൻസ് ട്രിബ്യൂണലായി ഒറ്റപ്പാലം മെയിന്റനൻസ് ട്രിബൂണലിനെ (ആർഡിഒ) തെരഞ്ഞെടുത്തു. കാഴ്ച പരിമിതർക്കും അവയവദാന മേഖലയിലും സ്തുത്യർഹമായ സേവനം നടത്തുന്ന സി.വി. പൗലോസ് സാമൂഹിക സേവനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. ഒക്ടോബർ ഒന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കു പുരസ്കാരങ്ങൾ സമ്മാനിക്കും.