വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറില്‍നിന്ന് ഒന്നരലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍
1576217
Wednesday, July 16, 2025 7:06 AM IST
പേരൂര്‍ക്കട: വ്യാജരേഖ ചമച്ച് കോണ്‍ട്രാക്ടറെ കബളിപ്പിച്ചയാളെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. അമരവിള മഞ്ചംകുഴി വിളയില്‍ വീട്ടില്‍ അരുണ്‍ സാം (31) ആണ് അറസ്റ്റിലായത്.
മൂന്നുമാസത്തിനു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത്: വെമ്പായം സ്വദേശിയും കോണ്‍ട്രാക്ടറുമായ രാജേഷ് (44) ആണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹം റോ മെറ്റീരിയല്‍സ് വിതരണക്കാരനായിരുന്നു.
പിഡബ്ല്യുഡിയുടേത് ഉള്‍പ്പെടെ വലിയ കരാറുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ട് നേടിയെടുക്കുന്നതിനാണ് ഇദ്ദേഹം അരുണിനെ സമീപിച്ചത്. കണ്‍സള്‍ട്ടന്റായ അരുണ്‍ സാമിനെ സുഹൃത്തുവഴിയാണ് രാജേഷ് പരിചയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒന്നരലക്ഷം രൂപ ആവശ്യമുണ്ടെന്ന് അറിയിച്ച അരുണ്‍ സാം ട്രഷറിയിലേക്ക് അടയ്ക്കുന്നതിനുള്ള തുക തയാറാക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഒന്നരലക്ഷം രൂപ അരുണ്‍ സാമിന് രാജേഷ് നല്‍കുകയായിരുന്നു. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു പകരം സബ് ട്രഷറിയില്‍ പണമടച്ചുവെന്നു കാണിച്ച് ട്രഷറി സൂപ്രണ്ടിന്റെ വ്യജ ഒപ്പിട്ട രശീത് പ്രതി രാജേഷിന് നല്‍കുകയായിരുന്നു. ഇതില്‍ വച്ചിരുന്ന സീലും വ്യാജമായിരുന്നു. മുമ്പ് പ്രതിയുടെ കൈവശമുണ്ടായിരുന്ന രശീതിൽ തിരിമറികള്‍ നടത്തി കമ്പ്യൂട്ടറിന്റെ സഹായത്തോടെ വ്യാജമായി പുതിയ രശീത് നിർമിക്കുകയായിരുന്നു. ശേഷം ഇതു വാട്ട്സ്ആപ്പ് വഴി രാജേഷിന് അയച്ചുകൊടുത്തു.
കാലാവധി കഴിഞ്ഞിട്ടും കോണ്‍ട്രാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ഒരു സുഹൃത്തുമൊത്ത് രാജേഷ് വെള്ളയമ്പലത്തെ ട്രഷറിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് രശീത് വ്യാജമാണെന്നു മനസിലായത്. സബ്ട്രഷറി ഓഫീസറും രാജേഷും മ്യൂസിയം സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
അരുണ്‍ സാമിന്റെ വീട്ടില്‍നിന്ന് രേഖകള്‍ പോലീസ് കണ്ടെടുത്തു. അസി. കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, സൂരജ്, സിപിഒമാരായ മനോജ്, വൈശാഖ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടില്‍നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.