ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പിടികൂടി
1575865
Tuesday, July 15, 2025 2:56 AM IST
പാറശാല: 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതിയായ പളുകല്‍ തേരുപുറം സ്വദേശി ജയകുമാര്‍ (55) ആണ് പിടിയിലായത്.
മോഷണവും പിടിച്ചുപറിയും ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാര്‍. 1996 കാലഘട്ടത്തില്‍ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു. ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഇയാൾ ഉപയോ ഗിച്ചിരുന്നില്ല.
തിരുവനന്തപുരം ജില്ലയ്ക്കു പുറമേ, തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് ജയകുമാര്‍ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പാറശാല പോലീസ് ജയകുമാറിനായി വലവിരിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജി, സബ് ഇന്‍സ്പക്ടര്‍ ദീബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.