തുടര്‍ച്ചയായ ഹൃദയാഘാതങ്ങൾ: 47-കാരന് കിംസ്ഹെൽത്തിൽ പുതുജീവന്‍
1575863
Tuesday, July 15, 2025 2:56 AM IST
തിരുവനന്തപുരം: തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 47കാരന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിൽ പുതുജീവൻ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെത്തുടര്‍ന്നു സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ്ഹെല്‍ത്തിലേക്ക് മാറ്റുകയുമായിരുന്നു.
ഹൃദയമിടിപ്പ് അസാധാരണ നിലയിലാകുന്ന വെന്‍ട്രിക്കുലാര്‍ ഫൈബ്രിലിയേഷൻ എന്ന അതീവ ഗുരുതരമായ രോഗാവസ്ഥ കാരണം രോഗി ഒന്നിലധികം തവണ അടിയന്തര ഡിഫൈബ്രിലിയേഷന് വിധേയമായി. ഇത് കൂടാതെ രോഗിക്ക് തുടർച്ചയായി ഹൃദയസ്തഭനവും അനുഭവപ്പെട്ടിരുന്നു. മുന്‍പ് ഹൃദയസംബന്ധമായ യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന രോഗിയുടെ ഹൃദയപേശികള്‍ അസാധാരണമായി ചുരുങ്ങിവരുന്നതായി കാര്‍ഡിയാക് ഇമേജിംഗില്‍ വ്യക്തമാവുകയായിരുന്നു.
തുടർന്നു നടന്ന പ്രൊസീജ്യറുകൾക്ക് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബി. സതീഷ്, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. എസ്. സുഭാഷ്്, ഡോ. അനില്‍ രാധാകൃഷ്ണന് പിള്ള എന്നിവര്‍ നേതൃത്വം നൽകി.