മാലിന്യങ്ങൾ കോർപറേഷൻ പരിധിയിലേത് ; വനമേഖലകളിൽ മാലിന്യം തള്ളുന്ന സംഘം പിടിയിൽ
1576209
Wednesday, July 16, 2025 7:06 AM IST
പാലോട്: കോർപ്പറേഷൻ മാലിന്യം ലോറികളിൽ വനമേഖലകളിൽ തള്ളുന്ന സംഘത്തെ പാലോട് വനപാലകർ പിടികൂടി. പനവൂർ എസ്എൻ പുരം ശോഭനം വീട്ടിൽ സജീവ് കുമാർ (45), നേപ്പാൾ സ്വദേശിയായ കാലി ബഹദൂർ പരിയാർ (24) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.
രാത്രിയിൽ പാലോട് ചെമ്പൻകോട് ഭാഗത്ത് കണ്ടെയ്നർ ലോറിയിൽ 18 ബാരൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുമായി എത്തി വനത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. മാലിന്യം കൊണ്ടുവന്ന കെഎൽ 10 എ ജി 200 എന്ന ലോറിയും കസ്റ്റഡിയിലെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് ചെമ്പൻകോട് പന്നി ഫാമിലേക്ക് മാലിന്യം കൊണ്ടുപോകാൻ ശ്രമിച്ച ഫാം ഉടമ മധു ജോൺസനെയും ഇയാളുടെ ഇന്നോവ കാറും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഭാര്യയുടെ പേരിലുള്ള കണ്ടെയ്നർ ലോറിയിൽ ഇന്നലെ പ്രതികളെ ഉപയോഗിച്ച് മാലിന്യം കടത്താൻ ശ്രമിക്കുകയായിരുന്നു.
മധു ജോൺസനെയും ഭാര്യയും ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതോടെ ഇയാളുടെ ജാമ്യം റദ്ദാവുന്നതാണ്. പാലോട്ടെ വനമേഖലകളിൽ പന്നി ഫാമിന്റെ പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യങ്ങൾ തമിഴ്നാട്ടിലേക്കാണു കൊണ്ടു പോയിരുന്നത്. തമിഴ്നാട് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവ ഇപ്പോൾ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കാറില്ല.
ഈ സാഹചര്യത്തിലാണ് കോർപ്പറേഷനിലെ നൂറ് വാർഡുകളിൽ നിന്നുള്ള മാലിന്യം വിവിധ ആളുകൾക്കു കരാർ അടിസ്ഥാനത്തിൽ നൽകുന്നതെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. കരാർ എടുക്കുന്നവർ മാലിന്യങ്ങൾ പാലോട്, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, അമ്പനാർ തുടങ്ങിയ വനമേഖലകളിൽ നിക്ഷേപിക്കുന്നു. ജനങ്ങളെയും പരിസ്ഥിതിയെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികൾ ചെയ്യുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു വനവകുപ്പ് അധികൃതർ അറിയിച്ചു.
പാലോട് റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റെയിഞ്ചർ സന്തോഷ്, ഫോറസ്റ്റ് സന്തോഷ്, ബിഎഫ്ഒ മാരായ ഡോൺ, ഷാനവാസ് എന്നിവരുടെ സംഘമാണ് പ്രതികളെയും വാഹനവും പിടികൂടിയത്.