പ്രായപൂര്‍ത്തിയാകാത്തവരെ കാണാതായ സംഭവം: നാല്‍വര്‍ സംഘത്തെ നാട്ടിലെത്തിച്ചു; പോക്സോ കേസില്‍ 18-കാരന് അറസ്റ്റില്‍
1576207
Wednesday, July 16, 2025 7:06 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ നിന്നു ദിവസങ്ങള്‍ക്കു മുമ്പു കാണാതായ നാല്‍വര്‍ സംഘത്തെ ബംഗലൂരുവിൽ കണ്ടെത്തിയ പോലീസ് ഇവരെ നാട്ടിലെത്തിച്ചു. 16 വയസുവീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയും ഒരാണ്കുട്ടിയെയുമാണ് 18-കാരനൊപ്പം പോലീസ് കണ്ടെത്തിയത്.
ബംഗലൂരു റെയില്‍വേ സ്റ്റേഷനിലാണ് ഇവര്‍ ഉണ്ടായിരുന്നത്. പുതിയ വസ്ത്രങ്ങള്‍ വാങ്ങിയശേഷം വീട്ടിലേക്കുതന്നെ മടങ്ങാനിരിക്കുകയായിരുന്നു തങ്ങളെന്നു പിടിയിലായവര്‍ വെളിപ്പെടുത്തി. വട്ടിയൂര്‍ക്കാവ് സ്വദേശിയായ 16-കാരനെ വീട്ടില്‍ വഴക്കു പറഞ്ഞതിലുള്ള വിരോധത്തിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്നു നാടുവിട്ടത്. 18-കാരനാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ സഹായത്തോടെയാണ് ഇവര്‍ ബാംഗ്ലൂരിലെത്തിയതായി വിവരം ലഭിച്ചത്. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് പോലീസ് സംയുക്തമായാണ് ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇവരെ ഒപ്പം കൂട്ടിയ പൂജപ്പുര തിരുമല സ്വദേശിക്കെതിരെയാണ് പേരൂര്‍ക്കട പോലീസ് പോക്സോ കേസ് ചുമത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.