മകന്റെ അടിയേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു
1576017
Tuesday, July 15, 2025 10:46 PM IST
നെയ്യാറ്റിന്‍കര : മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരണമടഞ്ഞു. വെണ്‍പകല്‍ പട്യക്കാല സംഗീതില്‍ സുനില്‍കുമാര്‍ (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് സിജോയ് സാമുവല്‍ (19) പോലീസ് കസ്റ്റഡിയില്‍.
സുനില്‍കുമാറും ഭാര്യ ലളിതകുമാരിയും കാഞ്ഞിരംകുളം കാലായിത്തോട്ടത്തിലാണ് താമസിക്കുന്നത്. വെണ്‍പകലിലെ വീട്ടില്‍ മകന് സിജോയ് ഒറ്റയ്ക്കാണ് താമസം. മാനസിക വെല്ലുവിളി നേരിടുന്നുവെന്ന് പറയപ്പെടുന്ന സിജോയിക്ക് ദിവസവും ആഹാരം കൊണ്ടുനല്‍കുന്നത് പിതാവാണ്. ഇക്കഴിഞ്ഞ 11ന് പതിവുപോലെ പിതാവ് രാവിലെ ആഹാരവുമായി എത്തിയപ്പോഴായിരുന്നു സിജോയിയുടെ മര്‍ദ്ദനം.
കന്പ് കൊണ്ട് ശിരസിന് ഗുരുതരമായി പരിക്കേറ്റ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്പോഴും മകനാണ് ഇതിന് കാരണക്കാരന്‍ എന്ന് സുനില്‍കുമാര്‍ ഭാര്യയോട് പറഞ്ഞില്ല. കാല്വഴുതിവീണതിനെ തുടര്‍ന്ന് ശിരസിന് പരിക്കേറ്റു എന്നാണ് പറഞ്ഞിരുന്നത്.
ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്‍പ് സുനില്‍കുമാര്‍ മകന്റെ ആക്രമണത്തെക്കുറിച്ച് ഭാര്യയോട് വെളിപ്പെടുത്തി. പിന്നീട് ചികിത്സയ്ക്കിടയില്‍ ഇന്നലെ സുനില്‍കുമാര്‍ മരണമടഞ്ഞു. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് സിജോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.