ജവഹര്‍നഗറിലെ വസ്തു തട്ടിപ്പ്; അനില്‍ തമ്പിക്ക് പ്രമാണം ഹാജരാക്കാന്‍ സാവകാശം
1576196
Wednesday, July 16, 2025 7:00 AM IST
പേരൂര്‍ക്കട: ജവഹര്‍നഗറിലെ വീടും വസ്തുവും തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ക്കഴിയുന്ന ചന്ദ്രസേനന്റെ മരുമകന് അനില്‍ തമ്പിക്ക് വസ്തുവിന്റെ അസല്‍ പ്രമാണം ഹാജരാക്കാന്‍ പോലീസ് സാവകാശം നല്കി. രണ്ടുദിവസംകൂടിയാണു സമയം അനുവദിച്ചിരിക്കുന്നത്.
പ്രമാണം ഹാജരാക്കാത്തപക്ഷം ഇദ്ദേഹത്തിന്റെ ജവഹര്‍നഗറിലെ വീട്ടില്‍ റെയ്ഡ് നടത്താനാണ് പോലീസ് നീക്കം. ചന്ദ്രസേനന്റെ പൈപ്പിന്‍മൂട്ടിലുള്ള ഫ്ളാറ്റില്‍ പോലീസ് ദിവസങ്ങള്‍ക്കു മുമ്പുനടത്തിയ അന്വേഷണത്തിലാണ് അനില്‍ തമ്പിയുടെ കൈവശമാണ് അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ വീടിന്റെയും വസ്തുവിന്റെയും പ്രമാണമുള്ളതെന്ന് ചന്ദ്രസേനന്റെ ഭാര്യ മൊഴിനല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് പ്രമാണം ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചത്. ഡോറയുടെ വീടും വസ്തുവും തട്ടിയെടുത്ത മെറിന് ജേക്കബ് ചന്ദ്രസേനനു വിലയാധാരമായി നല്‍കുകയായിരുന്നു.
തന്റെ മരുമകന്റെ നിര്‍ദേശപ്രകാരമാണു ചന്ദ്രസേനന് പ്രമാണത്തില്‍ ഒപ്പുവച്ചതെന്നും മരുമകനാണ് എല്ലാ വിവരങ്ങളും അറിയാവുന്നതെന്നും ഫ്ളാറ്റില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ചന്ദ്രസേനന്റെ ഭാര്യ പറയുകയുണ്ടായി. അതേസമയം ചന്ദ്രസേനനും ആധാരമെഴുത്തുകാരന്‍ അനന്തപുരി മണികണ്ഠനുമായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ബിസിനസ് മാഗ്നറ്റ് ആയി അറിയപ്പെടുന്നയാളാണ് അനില്‍ തമ്പി.