പോക്സോ കോടതിയിലെ തീപിടിത്തം: അന്വേഷണം പുരോഗമിക്കുന്നു; ദൂരൂഹതയെന്നു പോലീസ്
1576208
Wednesday, July 16, 2025 7:06 AM IST
കാട്ടാക്കട: അതിവേഗ പോക്സോ കോടതിയിൽ ഫയലും തൊണ്ടിമുതലും സൂക്ഷിക്കുന്ന മുറി തീപിടിച്ച സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസിപി സ്ഥലം സന്ദർശിച്ചു. ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം മാത്രമേ തീപിടിച്ചതിനുള്ള വ്യക്തമായ കാരണം ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
ഫോറൻസിക് സംഘം വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈഎസ്പി റാഫി, ഇൻസ്പെക്ടർ മൃദുൽകുമാർ, സബ് ഇൻസ്പെക്ടർ മനോജ് എന്നിവരുൾപെട്ട സംഘവും സ്ഥലത്തു പരിശോധന നടത്തി. കുറച്ചു ഫയലുകൾ നനഞ്ഞു നശിച്ചിട്ടുണ്ട്. കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം കൂടുതൽ വ്യാപിച്ചിട്ടുണ്ട്.
ഇതേ കെട്ടിടത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങളും സമീപ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റോഡിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. തിങ്കളാഴ്ച സംഭവം നടന്നതറിഞ്ഞു അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ സ്ഥലം സന്ദർശിച്ചു. അവധിയിലായിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദും ഇന്നലെ സ്ഥലത്തെത്തി. ഇന്നലെ കോടതിയിൽ സാധാരണഗതിയിൽ സിറ്റിംഗ് നടന്നു.