ചരിത്രത്തിന്റെ ഓർമപ്പെടുത്തലുമായി സാംസ്കാരിക യാത്ര
1576211
Wednesday, July 16, 2025 7:06 AM IST
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക യാത്രയെ നാട് വരവേറ്റു. വർക്കല ശിവഗിരി മുതൽ പാറശാല വരെ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സാംസ്കാരിക യാത്ര ജില്ലയിലെ 19 നവോത്ഥാന-സാംസ്കാരിക കേന്ദ്രങ്ങളാണ് സന്ദർശിച്ചത്.
ജില്ലാ സെക്രട്ടറി എസ്. രാഹുൽ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി വി.എസ്. ബിന്ദു മാനേജറും ജില്ലാ പ്രസിഡന്റ് കെ.ജി. സൂരജ് വൈസ് ക്യാപ്റ്റനും ജില്ലാ ട്രഷറർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ കോ-ഓർഡിനേറ്ററുമായാണ് സാംസ്കാരിക യാത്ര നടന്നത്.
യാത്രയുടെ ഭാഗമായി പുസ്തകോത്സവങ്ങൾ, ഫുഡ് ഫെസ്റ്റ്, മുതിർന്ന കലാകാരരെ ആദരിക്കൽ, കലാസാഹിത്യമത്സരങ്ങൾ, മെഗാ ക്വിസ് എന്നിവയും സംഘടിപ്പിച്ചിരുന്നു. സമാപനയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.