കാരാളി പഴയറോഡിൽ കാൽനടയാത്രപോലും ദുസ്സഹം
1575714
Monday, July 14, 2025 7:11 AM IST
പാറശാല: തകര്‍ന്നു തരിപ്പണമായി കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്കു പോലും യാത്ര ദുസ്സഹമായി കാരാളി പഴയറോഡ്. ചരക്കു ഗതാഗതം നടത്തിയിരുന്ന പഴയകാല രാജ പാതയുടെ ഭാഗമായിരുന്നു ഈറോഡ്. കാരാളിക്കു സമീപം ചാനല്‍ ക്രോസിന് താഴ്ഭാഗത്തു നൂറു മീറ്ററോളം ദൂരത്തെ റോഡ് ദുരവസ്ഥയിലായിട്ടു നാളേറെയായി.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കയറിയിറങ്ങാന്‍ ഇനി ഓഫീസുകളില്ല. നിവര്‍ത്തിയില്ലാതെ ഇടയ്ക്കിടെ നാട്ടുകാര്‍ മെറ്റലും പാറപൊടിയും ഉപയോഗി ച്ചു കുഴികള്‍ മൂടിയാലും അടുത്ത മഴയില്‍ ഒലിച്ചുപോയി പഴയ സ്ഥിതിയിലാകും. ഇതിനുമുന്‍പ് 2016ലാണ് എംഎല്‍എ ഫണ്ടില്‍നിന്നും ഒന്‍പത് ലക്ഷം രൂപ മുടക്കി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. അതിനുശേഷം ഇതു വരെയും കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
ഇതുവഴി റോഡിനു കുറുകെയാണു നെയ്യാര്‍ ഇറിഗേഷന്റെ ഇടതുകര ചാനല്‍ കടന്നു പോകുന്നത്. ചാനലില്‍ എക്കലും മാലിന്യങ്ങളും അവിടവിടെ കെട്ടിക്കിടക്കുന്നതുമൂലം വെള്ളം സുഗമമായി ഒഴുകി പോകുന്നതിനും തടസം നേരിടുന്നു. ഇതുകാരണം മിക്കപ്പോഴും ചാനലില്‍നിന്നും വെള്ളം കരകവിഞ്ഞ് റോഡിലൂടെ ഒഴുകി ക്രോസ് ചെയ്ത് കാരാളി തോട്ടിലേക്കു പതിക്കുന്നുണ്ട്.
നിരന്തരം റോഡിലെ ടാറിനു മുകളിലൂടെയാണു വെള്ളം ഒഴുകുന്നത്. ഇതുമൂലം ടാര്‍ ഇളകിഒലിച്ചുപോകുന്നു. രാത്രികാലങ്ങളില്‍ അമിത ഭാരം കയറ്റിയ ടിപ്പറുകളുടെയും മറ്റു വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്രയും റോഡ് പൊട്ടിപൊളിയാനുള്ള മറ്റൊരു കാരണമാണ്. കുത്തിറക്കമായതിനാല്‍ പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ തെന്നിമാറി വീണ് അപകടവും പതിവാണ്. കാല്‍നടയാത്ര അസാധ്യവും.
ശാസ്ത്രീയമായി റോഡു നവീകരിച്ച് സഞ്ചാരയോഗ്യമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകാനാണു തീരുമാനം.