നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിരവധി വികസന പ്രവൃത്തികൾ നടപ്പിലാക്കി: കെ. ആന്‍സലന്‍ എംഎല്‍എ
1575860
Tuesday, July 15, 2025 2:56 AM IST
നെയ്യാറ്റിന്‍കര : കഴിഞ്ഞ ഒൻപത് വർഷങ്ങള്‍ക്കിടയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഒട്ടേറെ വികസനങ്ങള്‍ സാധ്യമാക്കിയതായി കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. ജനറൽ ആശുപത്രിക്ക് 8.75 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് 10 കോടി രൂപ അനുവദിച്ചതു വികസന നേട്ടങ്ങളില്‍പ്പെടുന്നു.
ആറു കോടി രൂപയുടെ പുതിയ മന്ദിരവും കാഷ്വാലിറ്റി കെട്ടിടത്തിനു മുകളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ വാർഡും മൂന്നു കോടി രൂപ ചെലവിൽ പുതിയ പേവാർഡും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളാണ്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയോടനുബന്ധിച്ച് നഴ്സിംഗ് കോളജു യാഥാർഥ്യമാക്കി. ട്രോമാ കെയർ യൂണിറ്റിനായി 1.28 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ വാങ്ങി. ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 40 ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയമിച്ചു. ഹൗസ് സർജൻമാരുടെ സേവനം ലഭ്യമാക്കി. രാത്രികാലങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി.
ആശുപത്രിയിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാർഡ്, ഒന്നാം നിലയുടെ നിർമാണം (70 ലക്ഷം), അത്യാധുനിക ഡ്രഗ്സ് സ്റ്റോർ (50 ലക്ഷം)പുതിയ ഗൈനക്ക് വാർഡ് (40 ലക്ഷം), പാലിയേറ്റിവ് കെയറിനായി പുതിയ മന്ദിരം (60 ലക്ഷം), ഓക്സിജന്‍ പ്ലാന്റ്, കുട്ടികളുടെ ഐസിയു യൂണിറ്റ്, ദന്തല്‍ എക്സ്റേ യൂണിറ്റ്, ദന്തല്‍ എക്സ്റേ മന്ദിരം, ആധുനിക ലാബ് സംവിധാനം, സോളാർ പ്ലാന്റ് (50 ലക്ഷം), അത്യാധുനിക ജറിയാട്രിക് വാർഡ്, കൗമാര ആരോഗ്യ ക്ലിനിക്ക് എന്നീ നേട്ടങ്ങളും കഴിഞ്ഞ ഒൻപത് വർഷത്തെ പട്ടികയിലുണ്ട്.
ബ്ലഡ് ബാങ്കിന് ലൈസൻസ് പ്രാപ്തമായതും ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് കളക്ഷൻ മോണിറ്ററും എലിസ റീഡറും ലഭ്യമായതും ആശുപത്രിയുടെ വികസനത്തിനു മുതല്‍ക്കൂട്ടാകുന്നു. എച്ച്എല്‍എല്ലുമായി സഹകരിച്ച് സിടി സ്കാൻ യൂണിറ്റ് ആരംഭിച്ചു. ഹിന്ദ് ലാബ് സഹായത്തോടെ സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, ഡോപ്ലർ സ്കാൻ തുടങ്ങിയ സംവിധാനങ്ങൾ പ്രാവര്‍ത്തികമാക്കി. ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ, കാന്റീൻ എന്നിവയുടെ നവീകരണം, ഇന്റർലോക്ക്, ഡ്രയ്നേജ് തുടങ്ങിയ പ്രവൃത്തികൾ 1.75 കോടി രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ചു.
ശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി 11 കെ.വി സബ്സ്റ്റേഷനും എച്ച്ടി കണക്ഷനും (38 ലക്ഷം രൂപ) യാഥാര്‍ഥ്യമാക്കിയതോടൊപ്പം 26 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ജനറേറ്ററും അനുവദിച്ചു. വിവിധ ഭാഗങ്ങളിൽ മൂന്നു മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലഹരി നിർമാർജനത്തിനു വിമുക്തി, ജനന വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനു ശലഭം, വീടുകളിൽചെന്നു ചികിത്സ നടത്തുന്നതിനായി അനുയാത്രയ്ക്ക് വാഹനം, പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും വീട്ടിലെത്തിക്കാൻ മാതൃയാനം പദ്ധതി, ഇ- ഹെൽത്ത് പ്രോഗ്രാം എന്നീ പദ്ധതികളും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയെ മികവുറ്റതാക്കാന്‍ സഹായിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.