നെടുമങ്ങാട് ബസ് സ്റ്റാൻഡില്‍നിന്നും സര്‍വീസുകള്‍ ഇന്നുമുതൽ പുനരാരംഭിക്കും: മന്ത്രി
1564839
Wednesday, June 4, 2025 7:20 AM IST
നെടുമങ്ങാട്: നവീകരിച്ച നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നുമുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഒരു മാസമായി ബസ് സർവീസുകൾ നഗരത്തിന്റെ വിവിധ സെക്ടറുകളിലായി ക്രമീകരിച്ചിരിക്കുകയായിരുന്നു.
ബസ് യാര്‍ഡ്, മെക്കാനിക്കല്‍ ഏരിയ എന്നിവയുടെ ശോച്യാവസ്ഥയും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി സ്ഥലം എംഎൽഎയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്.
ബസ് സ്റ്റാൻഡിലെ സർവീസ് ഏരിയ കൃത്യമായി ക്രമപ്പെടുത്തിയതായും പോലീസ് എയിഡ് പോസ്റ്റിനു സ്ഥിരം കൗണ്ടര്‍ സജീകരിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ സിസിടിവി നിരീക്ഷണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഡിപ്പോയുടെ പ്രവേശന കവാടം നിർമാണം അന്തിമഘട്ടത്തിലാണ്. നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂർത്തിയാക്കിയാലുടന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് നാടിനു സമർപ്പിക്കുമെന്നും മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.