വര്‍ണാഭമായി പ്രവേശനോത്സവം
1564514
Tuesday, June 3, 2025 6:13 AM IST
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. അറിവിന്റെ അക്ഷര മധുരം നുകരാന്‍ കുരുന്നുകള്‍ വീണ്ടും സ്കൂളുകളിലേക്ക്. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തന്‍ കുടയും ബാഗുമായി സ്കൂളുകളിലേക്ക് തിരികെയെത്തിയിരിക്കുകയാണ് കുരുന്നുകള്‍.
മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ ദിവസം തന്നെ മഴ നനയാനുള്ള ഭാഗ്യം ഇക്കുറി കുട്ടികള്ക്കുണ്ടായില്ല. നിറകണ്ണുകളുമായെത്തിയ കുരുന്നുകളെ സ്വീകരിക്കാനായി മിക്കവിദ്യാലയ മുറ്റങ്ങളും വര്‍ണ ബലൂണുകളും പൂക്കളും കൊണ്ട് അലങ്കൃതമായിരുന്നു. മിഠായികളും താളവാദ്യങ്ങളുമായാണ് സ്കൂള്‍ മുറ്റത്തെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ സ്വീകരിച്ചത്. അച്ഛനും അമ്മയും തനിച്ചാക്കി പോകുമോയെന്ന പേടിയില്‍ കരയുന്ന കുഞ്ഞുങ്ങളും അവരെ സമാധാനിപ്പിക്കുന്ന കൂട്ടുകാരും പതിവുകാഴ്ചയായപ്പോള് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൂട്ടുകാരെ കണ്ടതിന്റെ സന്തോഷം അല്പം മുതിര്‍ന്ന കുട്ടികള്‍ പങ്കുവച്ചു.
മണക്കാട് ഗവ. എല്‍പി സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ പരസ്പരം പരിചയപ്പെടുത്തിയതു തികച്ചും വ്യത്യസ്തമായാണ്. ഒന്നാം ക്ലാസിലേക്കും എല്‍കെജിയിലേക്കും എത്തിയ കുട്ടികളെ താലപ്പൊലിയുമായാണ് ഇവിടെ സ്വീകരിച്ചത്. എല്‍കെജി കുരുന്നുകള്‍ക്ക് ഡിവിഷന് അനുസരിച്ച് ഓരോ കിളികളുടെ പേരുള്ള തൊപ്പിയും ഒന്നാം ക്ലാസുകാര്‍ക്ക് തുമ്പികളുടെ നിറമനുസരിച്ചുള്ള തൊപ്പിയും അണിയിച്ചിരുന്നു.

തൈക്കാട് മോഡല്‍ എല്‍പിഎസില്‍ നാരാങ്ങാമിഠായിയും ജീരകമിഠായിയും ഉപ്പിലിട്ടതുമുള്ള കടയും അക്ഷരങ്ങള്‍ നിറച്ച തോണിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരുന്നു. പുതുമോടിയാക്കിയ കോട്ടണ്‍ഹില്‍ ഗവ. എല്‍പിഎസില്‍ പുതുതായെത്തിയ കുട്ടികളെ മധുരം നല്കി സ്വീകരിച്ചത് ഉദ്ഘാടകന്‍ കൂടിയായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു. അമ്മയെ നോക്കി കരയുന്ന കുഞ്ഞുങ്ങളെ അദ്ദേഹം മാജിക്കിലൂടെ പാട്ടിലാക്കി. അക്ഷരങ്ങള്‍ കോര്‍ത്ത പട്ടവും ബലൂണും സര്‍ഗശേഷി പ്രകടിപ്പിക്കുന്ന ചുവരും കുട്ടികളെ ആകര്‍ഷിച്ചു. സ്കൂളിലെ ക്രാഫ്ട് ടീച്ചര്‍ ഒരുക്കിയ മുയല്ത്തൊപ്പി അണിയിച്ചാണ് നവാഗതരെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത്.
സെന്റ് ജോൺസ് സ്കൂൾ
തിരുവനന്തപുരം : നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ പ്രഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ,കൗൺസിലർ ജോൺസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് നഗര്‍ സ്കൂൾ
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈ കോര്‍ത്തുകൊണ്ട് ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ പ്രവേശനോത്സവം. ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ റവ.ഡോ. ജോണ്‍ തെക്കേക്കര ഉദ്ഘാടനം ചെയ്തു.
ലഹരി ഉപേക്ഷിച്ച് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുന്നതിനു പുതുതലമുറയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ് നഗര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ.പോള്‍ മങ്ങാട് സിഎംഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐ പതാക ഉയര്‍ത്തി. പ്രോഗ്രാം കണ്‍വീണര്‍മാരായ കെ.വൈ. ബിന്ദു, ദീപ്തി ദിലീപ് എന്നിവര്‍ നേതൃത്വം നല്കി. ഐശ്വര്യ നായര്‍ നന്ദി പറഞ്ഞു.
ലയോള സ്കൂൾ
തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിലെ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒഴിവാക്കി സാമൂഹിക പ്രതിബദ്ധതയും പ്രകൃതി സംരക്ഷണ മനോഭാവമുളളവരുമായി യുവ തലമുറ വളര്‍ന്നു വരണമെന്ന് കളക്ടര്‍ പറഞ്ഞു. സ്കൂള്‍ മാനേജറും റക്ടറുമായ ഫാ.സണ്ണി കുന്നപ്പള്ളില്‍ എസ്ജെ, സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ റവ.ഡോ. സാല്‍വിന്‍ അഗസ്റ്റിന് എസ്ജെ, സിബിഎസ്ഇ പ്രിന്‍സിപ്പല്‍ ഫാ. റംലറ്റ് തോമസ് എസ്ജെ, ഹയര്‍ സെക്കന്‍ഡറി (സ്റ്റേറ്റ്) പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിജി തോമസ്, പിടിഎ പ്രസിഡന്റ് ഡോ. അഞ്ജു ദീപക് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥി പ്രതിനിധി ഷോണ്‍ നിക്കോളാസ് സ്വാഗതവും ഹൃദ്യ ഷാജി നന്ദിയും പറഞ്ഞു. പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
നെയ്യാറ്റിന്‍കരയിലെ വിദ്യാലയങ്ങൾ
നെയ്യാറ്റിന്‍കര : എംഎല്‍എ അങ്കിളിനോടൊപ്പം വിളക്ക് തെളിച്ചപ്പോള്‍ ഒന്നാം ക്ലാസുകാരി അഭിശ്രീക്ക് ഇരട്ടി സന്തോഷം. സദസിലെ കൂട്ടുകാരെല്ലാം നിറഞ്ഞ മനസോടെ കരങ്ങള്‍ ചേര്‍ത്ത് പ്രോത്സാഹനത്തിന്റെ സംഗീതാന്തരീക്ഷം തീര്‍ത്തു. നെയ്യാറ്റിന്‍കര ഗവ. ജെബിഎസ്സിലെ നഗരസഭാതല സ്കൂള്‍ പ്രവേശനോത്സവ ചടങ്ങിലാണ് ഈ സ്നേഹക്കാഴ്ച തെളിഞ്ഞത്. കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, സെക്രട്ടറി സാനന്ദസിംഗ്, ഹെഡ്മിസ്ട്രസ് പ്രഭ, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, എസ്.എം.സി - പിടിഎ ഭാരവാഹികള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ സംബന്ധിച്ചു.
ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ഷിബു പ്രേംലാല്‍, സ്കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ സംബന്ധിച്ചു.
അരുമാനൂര്‍ എം.വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന നെയ്യാറ്റിന്‍കര ബി.ആര്.സി തല പ്രവേശനോത്സവം അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറന്‍സ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യദേവന്‍, പഞ്ചായത്ത് അംഗങ്ങളായ ഷിനു, ശ്രീകുമാരി, പിടിഎ പ്രസിഡന്റ് സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, സ്കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
മരിയാപുരം സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവത്തിന്റെയും സ്കൂളില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഹാളിന്റെയും ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് -മള്‍ട്ടി പര്‍പ്പസ് ഹാള്‍ യാഥാര്‍ഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലാലി റ്റി.ജെ അധ്യക്ഷയായിരുന്നു.
ഊരൂട്ടുകാല ഗവ. ഐ.ടി.ഇ യിലെ പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ അഡ്വ. സജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. രതീഷ് കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡി.എസ് ഷീലുകുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ വത്സലകുമാരി, ഡോ. ജയകുമാര്‍, ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
കോട്ടുകാല്‍ ഗവ. വി.എച്ച്.എസ്.എസ്സിലെ പ്രവേശനോത്സവം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി മന്മോഹന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. സജി അധ്യക്ഷനായി.സി. അനിത കെ.എ.എസ് മുഖ്യാതിഥി ആയിരുന്നു.
വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. യു.എസ്.എസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ അക്ഷരത്തിരി തെളിച്ചായിരുന്നു ഉദ്ഘാടനം. ജനപ്രതിനിധികളും സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും സംബന്ധിച്ചു.
പേരൂര്‍ക്കടയിൽ കളർഫുള്ളായി
പേരൂര്‍ക്കട: പ്രവേശനോത്സവം പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കളര്‍ഫുള്ളായി. തിരുവനന്തപുരം അസി. കളക്ടര്‍ ഡോ. ശിവശക്തിവേല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഭയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു ശിവദാസ്, പ്രഥമാധ്യാപിക പഞ്ചമി, മുന്‍ പ്രഥമാധ്യാപിക എസ്. ഉഷ, പിടിഎ പ്രസിഡനന്റ് ശുഭ ഉദയന്‍, സീനിയര്‍ അസിസ്റ്റന്റ് ദീപ എല്‍സ എഡ്വിന് എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ 22 വിദ്യാര്‍ഥിനികളെയും യുഎസ്എസ് പരീക്ഷയില്‍ സ്കോളര്‍ഷിപ്പ് നേടിയ 15 വിദ്യാര്‍ഥിനികളെയും പ്ലസ് ടു സയന്‍സില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥിനികളെയും ചടങ്ങില്‍ അനുമോദിച്ചു.
കിരീടം ധരിച്ച് മധുരം നുണഞ്ഞ് നവാഗതർ ക്ലാസിൽ
നേമം: അധ്യാപകർ നൽകിയ കിരീടവും ധരിച്ച് മധുരം നുകർന്ന് തീവണ്ടി പോലെ മനോഹരമാക്കിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ച് അവർ നടന്നുകയറി. സ്കൂളിൽ നിന്ന് വർണ ബലൂണു പിടിച്ച് സെൽഫിയെടുത്ത് അഭിമാനത്തോടെ പ്രവേശനോത്സവ ഗാനം പാടി ഒന്നാം ക്ലാസിലെ ഒന്നാം ദിനം കൂട്ടുകാർ കളറാക്കി.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നേമം ഗവ.യു.പി.എസിലാണ് നടന്നത്.

2024 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ശിഖ, നിവേദിത ,ആനന്ദ്, സൂര്യദേവ് ,അനാമിക എസ്. ഇന്ദ്രൻ , ഗായത്രി അരുൺ എന്നിവർ ചേർന്ന് അക്ഷരദീപം തെളിച്ചു.പ്രസിഡന്റ് എം.സോമശേഖരൻ നായർ,വൈസ് പ്രസിഡൻ്റ് എൽ ശാന്തിമതി,വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്. പ്രീതാറാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉത്സവപ്രതീതിയിൽ നടന്ന പരിപാടിയിൽ അതിഥികൾ നവാഗതരെ വരവേറ്റ് സമ്മാനങ്ങൾ കൈമാറി.
, വെള്ളായണി എം.എന്‍.എല്‍.പി. സ്കൂള്‍, കല്ലിയൂർ പുന്നമൂട് ഹയര്‍സെക്കണ്ടറി സ്കൂള്‍, കരുമം യുപി സ്കൂള്‍, പാപ്പനംകോട് എല്‍.പി.എസ്, പൂഴിക്കുന്ന് ഡബ്ല്യുഎല്‍പിഎസ്, പാപ്പനംകോട് അനന്തപുരി മോഡല്‍ സ്കൂള്‍, ശാന്തിവിള ന്യൂ യു.പി.എസ് എന്നീ സ്കൂളുകളിലും പ്രവേശനോത്സവം നടന്നു.
ശിശുക്ഷേമ സമിതിയിലെ 57 പേര് വിദ്യാലയ മുറ്റത്ത്
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും ഇക്കുറി സ്കൂളുകളില്‍ എത്തിയത് 57 കുട്ടികള്‍. ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ സ്കൂളില്‍ പ്രവേശനം നേടുന്നത്. ഇവര്‍ക്ക് എ.എ. റഹിം എംപി ഉപഹാരങ്ങളും മധുരവും നല്കി സ്കൂളിലേക്ക് യാത്രയാക്കി. ശിശുക്ഷേമ സമിതി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി അധ്യക്ഷത വഹിച്ചു.
എല്‍കെജി, യുകെജി വിഭാഗങ്ങളിലേക്ക് 15 പേരും ഒന്നാം ക്ളാസിലേക്ക ഏഴു പേരും തങ്ങളുടെ സ്കൂളുകളില്‍ എത്തിയത് ജനറല്‍ സെക്രട്ടറി അരുണ്‍ഗോപിയുടെ കൈ പിടിച്ചാണ്. രണ്ടു മുതല്‍ പ്ലസ് ടു വരെ ക്ളാസുകളിലായി പഠിക്കുന്ന മറ്റ് 34 കുട്ടികളും ഇവര്‍ക്കൊപ്പം സ്കൂളിലെത്തി.
കുട്ടികളില്‍ 15 പേര് പട്ടം ഗേള്‍സിലും 42 പേര് മോഡല്‍ എല്‍പിഎസിലും വിദ്യാര്‍ഥികളാണ്. കൊല്ലം ശിശുക്ഷേമ സമിതിയില്‍ നിന്ന് 17 കുട്ടികളും ആലപ്പുഴയില്‍ അഞ്ചും പത്തനംതിട്ടയിലും മലപ്പുറത്തും ഒന്‍പതു വീതവും എറണാകുളത്ത് ഒന്നും പാലക്കാട് ഏഴും കോഴിക്കോടും കാസര്‍കോടും നാലു കുട്ടികള്‍ വീതവും സ്കൂളുകളില്‍ എത്തി.
വികെ കാണി സ്കൂളിൽ
വിതുര: വികെ കാണി സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീജിത്ത് അധ്യക്ഷനായി. മുൻ പ്രഥമധ്യാപിക അനിത ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരി ഡോ.ബീന മുഖ്യ അഥിതിയായി.സീനിയർ അധ്യാപകൻ അഭിലാഷ് ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ , എസ്എംസി ചെയർമാൻ സാജു, പഞ്ചായത്ത് മെമ്പർ സന്ധ്യ എസ്.നായർ, പിടിഎ വൈസ് പ്രസിഡന്റ് സഫീന തുടങ്ങിയവർ പ്രസംഗിച്ചു.
ബെത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂൾ
തിരുവനന്തപുരം : ബെത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂളിലെപ്രവേശനോത്സവം ലയോള കോളജ് അസി.പ്രഫ. ഫാ.രഞ്ജി ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫിൽസി മാടമാത്ര, റവ.സി.സിസി കുഴിപ്പള്ളി ലോക്കൽ മാനേജർ, സിസ്റ്റർ റോസ്മി, പിടിഎ പ്രസിഡന്റ് പ്രവീൺകുമാർ, സ്റ്റാഫ് സെക്രട്ടറി ആനി എൽ. രാജ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെടുമങ്ങാട് മേഖലയിലെ സ്കൂളുകൾ
നെടുമങ്ങാട് : അമൃത കൈരളി വിദ്യാഭവനിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ജി.എസ്.സജികുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എസ്.സിന്ധു സ്കൂൾ കോർഡിനേറ്റർമാരായ വൃന്ദ നായർ, പി.കവിത, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചുള്ളിമാനൂർ എസ്എച്ച്് യുപി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ഷീബ ബീവി ഉദ്ഘാടനം ചെയ്തു.മാനേജർ ഫാ. ടി.ബിനു സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ജെ.ഷിബു അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ എൽ.ലോറൻസ്,ബ്ലോക്ക് മെമ്പർ ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി കൊച്ചുവിള അൻസാരിഎന്നിവർ പ്രസംഗിച്ചു.
വിദ്യാധിരാജ എൽപി സ്കൂളിലെ പ്രവേശനോത്സവം നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് സതീശൻ , എസ്ആർജി കൺവീനർമാരായ അൽത്താഫ്, സാബിറ, ബി.ജി.സിനി എന്നിവർ പ്രസംഗിച്ചു.
കരകുളം ജിവിഎച്ച്എസ്എസിലെ പ്രവേശനോത്സവം കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ജോബി മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡന്റ് കെ.രവികുമാർ അധ്യക്ഷത വഹിച്ചു.
ഉഴമലയ്ക്കൽ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം കുളപ്പട ഗവ.എൽപി സ്കൂളിൽ ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അധ്യക്ഷയായി. ജനപ്രതിനിധികളായ എസ്.ശേഖരൻ, ഒ.എസ്.ലത, സജീന കാസിം, അരുവിയോട് സുരേന്ദ്രൻ, പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് രാഗിണി തുടങ്ങിയവർ പ്രസംഗിച്ചു.